തിരുവല്ല: ആലംതുരുത്തി മോസ്‌കോമുക്ക് -സ്റ്റെല്ലാ മേരിസ് സ്‌കൂൾ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് പരാതി. കോൺക്രീറ്റിംഗ് ചെയ്ത് രണ്ടുദിവസം കഴിഞ്ഞതോടെ റോഡ് പൊളിയാൻ തുടങ്ങി. ഇവിടുത്തെ അര കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത് പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. റോഡിന്റെ നിരപ്പോ, വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമോ ഒന്നും ഇല്ലാതെ നിലവിലെ ടാറിംഗ് ചെയ്ത റോഡിനേക്കാൾ ഉയരത്തിലാണ് പലയിടത്തും കോൺക്രീറ്റിംഗ് ചെയ്തിട്ടുള്ളത്. ഇതുകാരണം മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. ശരിയാവിധം വെള്ളം ഉപയോഗിച്ച് നനയ്ക്കാതിരുന്നതിനാൽ പലയിടത്തും റോഡ് വിണ്ടുകീറിയ നിലയിലാണ്. കോൺക്രീറ്റ് ചെയ്തശേഷം കനത്ത വെയിലായിട്ടും ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് തളിക്കുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. കോൺക്രീറ്റിംഗ് നന്നായി പൂർത്തിയാക്കാതിരുന്നതിനാൽ പലയിടത്തും കുന്നും തടവുമാണ്. റോഡിന്റെ ഇരുവശങ്ങളിലും ചെയ്യേണ്ട കോൺക്രീറ്റിംഗ് ചിലയിടങ്ങളിൽ ഒരു വശത്ത് മാത്രമാണ് ചെയ്തിട്ടുള്ളത്. നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ നിന്നും നീക്കിയ കാടും ചപ്പുമെല്ലാം സമീപത്തെ നടവഴിയിലേക്ക് തള്ളിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. റോഡിന്റെ ഇരുവശങ്ങളിലും നിന്നും നീക്കിയ മണ്ണ് അടുത്തുള്ള കുഴികൾ നികത്താതെ കരാറുകാർ ഇവിടെ നിന്നും വാഹനങ്ങളിൽ കടത്തിയതായും ആക്ഷേപമുണ്ട്. റോഡ് നിർമ്മാണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മേൽനോട്ടം വഹിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ സർക്കാരിന്റെ ലക്ഷങ്ങൾ ചെലവഴിച്ച് അശാസ്ത്രീയമായി റോഡ് നിർമ്മിച്ചതിനെതിരെ അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.