നാരങ്ങാനം: പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ തീർത്തിട്ട് വേണം റോഡിന്റെ പണികൾ തുടങ്ങാൻ. പറയാൻ തുടങ്ങിയിട്ട് നാളുകളായതല്ലാതെ പണികൾ നടക്കുന്നില്ലെന്നതാണ് വാസ്തവം. കോഴഞ്ചേരിമണ്ണാറക്കുളത്തി റോഡിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് യാത്രക്കാരെയും പ്രദേശ വാസികളികളേയും വലയ്ക്കുകയാണ്. പ്രദേശത്ത് ഗതാഗതം പൂർണമായി നിലച്ച സ്ഥിതിയാണ്. മീത്തുംപടി ജംഗ്ഷനു സമീപമുള്ള പാലം പൂർണമായി പൊളിച്ചു നീക്കിയതോടെയാണ് ഈ വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചത്.ഒരു മാസത്തിനുള്ളിൽ പാലംപൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് പണി തുടങ്ങിയതെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും എന്ന് തുറന്നുകൊടുക്കുമെന്ന് അധികൃതർക്കൊരുപിടിയുമില്ല. പാലം വാർപ്പ് കഴിഞ്ഞിട്ടും ആഴ്ചകൾ കഴിഞ്ഞു. മന്ദഗതിയിലാണ് പണികൾ നടക്കുന്നത്. കാൽനടയാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത രീതിയിൽ പാലത്തിനിരുവശവും റോഡടച്ച് മണ്ണും കല്ലും ഇറക്കിയിട്ടിരിക്കുകയാണ്.
ബസ് സർവീസ് നിലച്ചിട്ട് നാളുകൾ
മഠത്തുംപടി നിന്നും ആലുങ്കൽ വരെയുള്ള ഒരു കിലോമീറ്റർ ദൂരം എത്തുന്നതിന് ഇപ്പോൾ നാല് കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. ഇതു വഴിയുള്ള ബസ് സർവീസുകളും നിലച്ചിട്ട് മാസങ്ങളായി. അത്യാവശ്യം വേണ്ട ഓടകളുടെ നിർമ്മാണം പോലും പൂർത്തിയായിട്ടില്ല.
ഓടനിർമാണം തുടങ്ങിയില്ല
പല ഭാഗത്തും റോഡ് രണ്ടിടയോളം ഉയർത്തിയിട്ടുള്ളതിനാൽ വെള്ളം കടകളിലും വീടുകളിലും കയറുന്ന സ്ഥിതിയാണ്. ഈ ഭാഗങ്ങളിൽ ഓട നിർമ്മാണം തുടങ്ങിയിട്ടുപോലുമില്ല. മഠത്തുംപടി പാലം പണി പൂർത്തീകരിച്ച് ഗതാഗതം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.