a
തോടിന് കുറുകെ അനധികൃതമായി പാലം നിർമ്മിച്ച് ഏനാദിമംഗലത്ത് വൻ നിലംനികത്തൽ

ഇളമണ്ണൂർ: പഞ്ചായത്ത് സിരാ കേന്ദ്രത്തിന് മീറ്ററുകൾ മാത്രം അകലെ കെ.പി റോഡിനോട് ചേർന്ന് 5 സെന്റ് നിലം നികത്താനുള്ള അനുമതിയുടെ മറവിൽ ഉദ്യോഗസ്ഥരുടെ മൗനാനുമതിയോടെ ഏക്കറ് കണക്കിന് നിലം നികത്താൻ നീക്കം. കെ.പി റോഡിൽ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തോഫീസിന് സമീപം കുതിരമൺ പാലത്തിന് സമീപമാണ് തോടിന് മീതെ അനധികൃതമായി പാലം നിർമ്മിച്ച് ഇതിന് മുകളിലൂടെ ദിവസങ്ങളായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ തകൃതിയായി പച്ചമണ്ണ് നിക്ഷേപിക്കുന്നത്. തോടുകൾക്ക് മീതെ പാലം നിർമ്മിക്കുവാൻ ഇറിഗേഷൻ വകുപ്പിന്റെ അനുമതി വേണമെന്ന കർശനമായ നിയമം നിലനിൽക്കെയാണ് ഇത്തരത്തിലുള്ള നിയമ ലംഘനം.

മുൻപും നിലം നികത്താനുള്ള ശ്രമം നടത്തിയിരുന്നു

വർഷങ്ങൾക്ക് മുൻപ് ഇതേ നിലം അനധികൃതമായി നികത്തുവാനുള്ള ശ്രമം നടത്തിയിരുന്നു. തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ഇവിടെ കൊടികുത്തുകയും പ്രതിഷേധം നടത്തിയതിന്റെയും ഫലമായി റവന്യു ഉദ്യോഗസ്ഥരിടപെട്ട് ഇത് സ്റ്റേ ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷം ഭൂമിയില്ലാത്തവർക്ക് വീട് വയ്ക്കുവാനെന്ന വ്യാജേന അഞ്ച് സെന്റ് നിലം നികത്തുവാൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനുമതി വാങ്ങിയിരുന്നു. ഇലക്ഷന്റെ മറവിൽ ഏനാദിമംഗലത്ത് വ്യാപകമായി നിലം നികത്തുന്ന വാർത്ത കേരളകൗമുദി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. മുൻപ് നിലം നികത്തുന്നതിനെതിരെ രംഗത്ത് വന്ന രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ നഗ്നമായ നിയമലംഘനം ഇപ്പോൾ കണ്ടില്ലന്ന മട്ടിലാണ്.