പത്തനംതിട്ട : കോഴഞ്ചേരി പുതിയ പാലത്തിന്റെ ആദ്യഘട്ട പൈലിംഗ് വർക്കിന്റെ ഭൂരിഭാഗവും പൂർത്തിയായി. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പൈലിംഗ് തീർക്കാനാണ് പി.ഡബ്യൂ.ഡി അധികൃതർ ശ്രമിക്കുന്നത്. ജല നിരപ്പ് ഉയർന്നാൽ നിർമാണത്തിന് തടസമാകും. രണ്ട് വർഷത്തിനുള്ളിൽ പാലം പൂർത്തീകരിക്കാനാണ് അനുമതി നല്കിയിരിക്കുന്നത്. ഇപ്പോൾ പണി തുടങ്ങിയിട്ട് ആറ് മാസമായി. ആകെയുള്ള 52 പൈലുകളിൽ 31 എണ്ണം പൂർത്തീകരിച്ചു. ആദ്യം നദിയിലെ പണി തീർക്കാനാണ് ശ്രമം. ഇനി കരയിലെ പണിയാണ് തീർക്കേണ്ടത്.
2016 - 17 ബഡ്ജറ്റിലാണ് കോഴഞ്ചേരി പാലത്തിനായി ആദ്യം തുക വകയിരുത്തിയത്. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയ്ക്ക് അപ്രോച്ച് റോഡ് അടക്കം 19.69 കോടിയാണ് ചെലവഴിക്കുന്നത്. 2017.2 മീറ്റർ നീളത്തിലും നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. പി.ജി കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പഴയ പാലത്തിന്റെ ഉയരത്തിൽ ആർച്ച് പാലമാണ് നിർമ്മിയ്ക്കുന്നത്. കോഴഞ്ചേരി ഭാഗത്ത് തൊണ്ണൂറ് മീറ്ററും നെടുമ്പ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ ഉണ്ടാക്കും. പഴയ പാലം നിലനിറുത്തി വൺവേ നടപ്പാക്കാനാണ് പദ്ധതി. ഇതോടെ കോഴഞ്ചേരി ഭാഗത്തെ നാളുകളായുള്ള ഗതാഗത കുരുക്കും അവസാനിക്കും.
ആകെ എട്ട് പില്ലറുകൾ ആണ് പാലത്തിനുള്ളത്. മൂന്നെണ്ണം നദിയിലും രണ്ടെണ്ണം നദീ തീരത്തും ഒരെണ്ണം തോട്ടപ്പുഴശ്ശേരിയിലും രണ്ടെണ്ണം കോഴഞ്ചേരിയിലും.
പാലം പണിയുമ്പോൾ കോഴഞ്ചേരിയിലെ വള്ളപ്പുരയും പാലത്തിന് നേരെയിരിക്കുന്ന വീടിന്റെ പകുതി ഭാഗവും പൊളിച്ചു നീക്കേണ്ടി വരുമെന്ന് ആശങ്കയുണ്ട്. ഇത് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അർഹമായ വില നല്കിയാവും പൊളിച്ചു മാറ്റുക.
ചെലവ് 19.69 കോടി