തിരുവല്ല: തിരക്കേറിയ നഗരത്തിൽ വഴിയാത്രക്കാർക്ക് കെണിയൊരുക്കി ഓടയുടെ സ്ലാബ് ഇടിഞ്ഞു താഴ്ന്നു. തിരുവല്ല മാർത്തോമ്മാ ബിൽഡിംഗിന് തൊട്ടുമുന്നിലായി എസ്.സി.എസ് കവലയ്ക്കടുത്താണ് നടപ്പാതയിലെ സ്ലാബ് ഇടിഞ്ഞ് താഴ്ന്ന് ഗർത്തം രൂപപ്പെട്ടത്. കാൽനടക്കാർ ഇതിലൂടെയാണ് യാത്ര ചെയ്യുന്നത്. രാത്രിയിൽ ഇത് അപകടത്തിന് ഇടയാക്കും. കടകൾ അടച്ചുകഴിഞ്ഞാൽ കാര്യമായ വെളിച്ചം ഈ ഭാഗത്ത് ഇല്ല. നഗരമദ്ധ്യത്തിൽ കുഴി രൂപപ്പെട്ടിട്ടും മൂടാനോ സ്ലാബ് മാറ്റാനോ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല. ഈ ഭാഗത്തുള്ള സ്ലാബുകൾ പലതും ഇളകിമാറി കിടക്കുകയാണ്. പലപ്പോഴും വലിയ വാഹനങ്ങൾ ഇതിനു മുകളിൽ കൂടി കയറിയിറങ്ങാറുണ്ട്. തിരുവല്ല നഗരത്തിൽ നിരവധിപ്പേർക്ക് ഓടയിൽ വീണ് പരിക്കേറ്റിട്ടുണ്ട്. ബൈക്ക് നിയന്ത്രണംവിട്ടു മേൽമൂടിയില്ലാത്ത ഓടയിൽ വീണ് രണ്ടുപേർ മരിച്ച സംഭവവും അടുത്തകാലത്ത് ഉണ്ടായി. ടൈൽ പാകി നടപ്പാത വൃത്തിയാക്കി നവീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പണികൾ ആരംഭിച്ചിട്ടില്ല.