പത്തനംതിട്ട : ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ഭവനനിർമ്മാണത്തിനുള്ള ധനസഹായം ലഭിക്കുന്നതിന് താമസിച്ചുവന്നിരുന്ന വീട് പൊളിച്ചുമാറ്റിയ പട്ടികജാതി വിഭാഗക്കാരന് അടിയന്തരമായി സഹായധനം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
ആനിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം കെ. മോഹൻകുമാർ നിർദ്ദേശം നൽകിയത്.
ആനിക്കാട് മുറിഞ്ഞകല്ലിൽ വീട്ടിൽ എം.കെ.കൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. 2015-16 കാലയളവിലാണ് പരാതിക്കാരൻ ഭവനനിർമ്മാണ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷ നൽകിയത്.
കമ്മിഷൻ ആനിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. 2009-10 ൽ ഐ.എ.വൈ പദ്ധതി പ്രകാരം പരാതിക്കാരന് ആനുകൂല്യം നൽകിയിട്ടുണ്ടെന്നും ലൈഫ് ഭവന പദ്ധതി പ്രകാരം സഹായം നൽകാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്ഥല പരിശോധനയിൽ പരാതിക്കാരന്റെ അവസ്ഥ പരിതാപകരമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പി.എം.എ.വൈ, ആവാസ് പ്ലാനിൽ പരാതിക്കാരനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ മാനദണ്ഡം തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രസ്തുത റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സമിതിയും ജില്ലാ ഭരണകൂടവും വിലയിരുത്തിയിട്ടില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. ഇതിന്റെ പ്രായോഗികതയോ കാലയളവോ വ്യക്തമാക്കിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
പത്ത് വർഷം മുമ്പ് ആനുകൂല്യം ലഭിച്ചതിന്റെ പേരിൽ ഭവനപുനരുദ്ധാരണ പദ്ധതിയിൽ നിന്ന് പരാതിക്കാരനെ ഒഴിവാക്കേണ്ടതില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. ഹൃദ്രോഗിയായ പരാതിക്കാരന് കൂലിപ്പണിക്ക് പോലും പോകാനാവില്ലെന്നും ഉത്തരവിലുണ്ട്.
ജില്ലാ പട്ടികജാതി ക്ഷേമ ഓഫീസർ പരാതിക്കാരനും കുടുംബത്തിനും എന്തെല്ലാം സഹായം നൽകാൻ കഴിയുമെന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.