പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവേശിപ്പിച്ച സീതത്തോട് ഗുരുനാഥൻമണ്ണ് കാവിൽ വീട്ടിൽ തോമസ് ഏബ്രഹാമിന് (52)കാത്ത്ലാബ് തുണയായി. ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് മനസിലാക്കി ഉടൻ തന്നെ കാത്ത് ലാബിൽ പ്രവേശിപ്പിച്ചു. ഹൃദയധമനിയിൽ 100 ശതമാനം അടവുണ്ടായിരുന്ന രക്ത കുഴലിൽ സ്റ്റെന്റ് നിക്ഷേപിച്ച് ആൻജിയോപ്ലാസ്റ്റി ചികിത്സ വിജയകരമായി പൂർത്തിയാക്കി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗി ഇപ്പോൾ ഐ.സിയുവിൽ സുഖം പ്രാപിച്ചു വരുന്നു. ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ. എം.സി.ജോൺ, ഡോ. ജോസ് പൈകട, കാത്ത് ലാബ് സ്റ്റാഫ് നഴ്സ്മാരായ സൂര്യ, ജോൺ, അനീഷ് എന്നിവരാണ് ചികിത്സയ്ക്കു നേതൃത്വം നൽകിയത്. കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ച ശേഷം പതിനഞ്ചോളം രോഗികൾക്കു കാത്ത് ലാബിൽ സേവനം നൽകി കഴിഞ്ഞു. എറണാകുളം ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നീ സ്ഥാപനങ്ങൾക്ക് ശേഷം ആരോഗ്യ വകുപ്പിൽ ഈ സേവനം നൽകി വരുന്ന മൂന്നാമത്തെ സ്ഥാപനമാണ് പത്തനംതിട്ട ജനറൽ ആശുപത്രി.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ അല്ലാതെ ആരോഗ്യവകുപ്പിന് കീഴിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ആശുപത്രിയാണ് പത്തനംതിട്ട ജനറൽ ആശുപത്രി. ആശുപത്രിയുടെ വികസന പാതയിൽ ഇതൊരു ചരിത്ര മുഹൂർത്തമായി മാറും. ഇതിന് നേതൃത്വം നൽകിയ ഡോ. ജോസ് പൈകട അടക്കമുള്ള ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു.
വീണാ ജോർജ് എം.എൽ.എ