പത്തനംതിട്ട : കളക്ടറേറ്റ് കവാടത്തിന് മുമ്പിലെ പൊളിഞ്ഞ സമര പ്പന്തൽ യാത്രക്കാർക്ക് ഭീഷണിയായി. രണ്ട് വർഷമാകുന്നു സമരപ്പന്തൽ സ്ഥാപിച്ചിട്ട്. ചെങ്ങറ ഭൂസമരത്തെ തുടർന്ന് ലഭിച്ച ഭൂമി ഉപയോഗ ശൂന്യമാണെന്ന ആരോപണവുമായി 256 ദിവസം ഇവിടെ പ്രതിഷേധ സമരം അരങ്ങേറി. അതിന് ശേഷം സമരാനുകൂലികൾ പന്തൽ ഉപേക്ഷിച്ച് മടങ്ങി. മുൻപ് കനത്ത ചൂടിലും കുട്ടികളുമായി പലരും ഇവിടെ സത്യാഗ്രഹം ഇരിക്കാൻ എത്തിയിരുന്നു. പിന്നീട് ആരും വരാതായി. കാറ്റിലും മഴയിലും പന്തൽ തകർന്നു വീണിട്ട് മാസങ്ങൾ കഴിഞ്ഞു. അലൂമിനിയം ഷീറ്റാണ് പന്തലിന്റെ മേൽക്കൂരയായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ അഗ്രം കൊണ്ടാൽ ശരീരം മുറിയും. പന്തൽ നടപ്പാതയിൽ ആയതിനാൽ യാത്രക്കാർ റോഡിലിറങ്ങിയാണ് നടക്കുന്നത്. ഷീറ്റും മേൽക്കൂരയുമെല്ലാം റോഡിലേക്ക് മറിഞ്ഞു കിടക്കുകയാണ്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ദീർഘ ദൂര ബസുകൾ സർവീസ് നടത്തുന്ന റോഡാണിത്. ചെറിയ വളവായതിനാൽ യാത്രക്കാർക്ക് വാഹനം വരുന്നത് കാണാൻ കഴിയില്ല. പലപ്പോഴും വേഗതയിൽ പായുന്ന വാഹനങ്ങൾ വഴിയാത്രക്കാരിൽ ഭീതി നിറയ്ക്കുകയാണ്. സമീപത്തുള്ള ഓഫീസുകളിലും കടകളിലും എത്തുന്നവർ റോഡിലേക്ക് ഇറക്കി വാഹനം പാർക്ക് ചെയ്യുന്നതിനാൽ ഗതാഗത തടസവുമുണ്ട്. ഇതിനിടെയിലൂടെയാണ് കാൽനടയാത്രക്കാരുടെയും സഞ്ചാരം. പന്തൽ സ്ഥാപിച്ച നാളിൽ ഇവിടെ കെ.എസ്.ആർ.ടി.സി ബസും ഒാട്ടോറിക്ഷയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

പ്രളയവും മറ്റ് സമരങ്ങളും ചെങ്ങറ ഭൂസമരത്തിൽ വഞ്ചിക്കപ്പെട്ടവരുടെ സമരത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയെന്ന് നേതാക്കൾ പറയുന്നു. എന്നാൽ സമരം ഉപേക്ഷിച്ച് മടങ്ങിയപ്പോൾ ഇവർ പന്തൽ പൊളിച്ചു മാറ്റിയില്ല. ഇപ്പോഴും പൊളിഞ്ഞു വീണുകൊണ്ടിരിക്കുന്ന പന്തൽ ഭീഷണിയാണ്.

പൗരാവകാശം പോലും നൽകാത്ത നാട്ടിൽ ഇങ്ങനെയുള്ള സമരം കൊണ്ട് കാര്യമില്ലെന്നുള്ള തിരിച്ചറിവാണ് സമരം അവസാനിപ്പിക്കാൻ കാരണം. അതു കൊണ്ട് തന്നെയാണ് സമരം ഉപേക്ഷിച്ച് മടങ്ങിയത്. പട്ടിണി കിടന്ന് മരിക്കാനല്ല ജീവിച്ചു കാണിക്കാൻ തന്നെയാണ് തീരുമാനം.

ടി.ആർ ശശി, സമരസമിതി നേതാവ്

2017 ഏപ്രിൽ 16 ന് ആണ് ചെങ്ങറ സമരാനുകൂലികൾ കളക്ടറേറ്റിന് മുമ്പിൽ സമരം ആരംഭിച്ചത്. തുടർന്ന് 256 ദിവസം സമരം ചെയ്തു.