അടൂർ: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിൽ അധികൃതരെ ഏറ്റവും കൂടുതൽ കുഴപ്പിച്ച ഒന്നാണ് രക്ഷാപ്രവർത്തനം. വ്യോമ സേനയും മത്സ്യ തൊഴിലാളികളും ഫയർ ഫോഴ്സും ചേർന്നാണ് അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. വെളളം കയറിയ സ്ഥലങ്ങളിലെ പാറക്കെട്ടുകളും മതിലുകളും വെള്ളത്തിന്റെ ഏറ്റ കുറച്ചിലുകളും ബോട്ടുപയാഗിച്ചുള്ള രക്ഷ പ്രവർത്തനത്തെ സാരമായി ബാധിച്ചു. എന്നാൽ വെള്ളത്തിലും കരയിലും ഒരു പോലെ സഞ്ചരിക്കുന്ന വാഹനം ഉണ്ടായിരുന്നെങ്കിൽ രക്ഷാ പ്രവർത്തനങ്ങൾ കുറെ കൂടി വേഗത്തിൽ ആക്കാൻ കഴിയുമായിരുന്നു. അനുഭവം പാഠമാക്കി അടൂർ എസ്.എൻ ഐ.ടി കോളേജിലെ ഓട്ടോമൊബൈൽ വിദ്യാർത്ഥികളായ മാത്യു ,ശബരിനാഥ്,സച്ചിൻ തോമസ് ,വിഷ്ണുപി.കെ എന്നിവർ ചേർന്നു ഓട്ടോമൊബൈൽ വിഭാഗം തലവൻ പ്രൊഫ.കെവിൻ തോമസ് ,പ്രൊജക്ട് കോർഡിനേറ്റർ പ്രൊഫ. ബിനു തങ്കച്ചൻ എന്നിവരുടെ സഹായത്തോടെ പ്രൊഫ. റോഷൻ ജോർജിന്റെ നേതൃത്വത്തിൽ വാഹനം രൂപ കൽപ്പന ചെയ്യുകയായിരുന്നു . ബോട്ടിന്റെ പ്രൊപ്പെല്ലറും വെള്ളം കയറാതെ ഇരിക്കാനുള്ള ഉപകരണങ്ങളും ഘടിപ്പിച്ചാണ് വാഹനത്തിന്റെ നിർമ്മിതി. ദുർഘടമായ റോഡിലൂടെ സഞ്ചരിക്കാനും ക്രമീകരണമുണ്ട്. വാഹന നിർമാണ കമ്പനികളെയും വാഹനം റോഡിൽ ഇറക്കാൻ മോട്ടോർ വാഹന വകുപ്പിനെയും സമീപിക്കാൻ ഉള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികൾ.