മല്ലപ്പള്ളി: സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശപ്രകാരം സംസ്ഥാനവ്യാപകമായി ഇന്നലെ ആരംഭിച്ച ശുചീകരണ യജ്ഞം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ വേറിട്ടതായി. ശുചീകരണത്തിനായ് വിവിധതലത്തിൽ പ്രവർത്തിക്കുന്നവർ ഒത്തുചേർന്നപ്പോൾ ആശുപത്രി ജീവനക്കാരെല്ലാം തങ്ങളുടെതായ ഡ്യൂട്ടിയിൽ ആയിരുന്നെങ്കിലും ഒരു കൈ സഹായത്തിന് എല്ലാ വിഭാഗം ജീവനക്കാരും ഒന്നിച്ചിറങ്ങി. വൈകുന്നേരത്തെ ഷിഫ്റ്റിനും രാത്രി ഷിഫ്റ്റിനുള്ള ജീവനക്കാരും പ്രതിരോധകുത്തിവയ്പ്പിന് എത്തിയവരും പഞ്ചായത്തിലെ പൊതുശുചീകരണ പ്രവർത്തങ്ങൾക്കും മടങ്ങിയവരും ഒപ്പം കൂടിയതോടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജമേറി. പരിസര ശുചീകരണത്തിനിടെ ആശുപത്രിയിലെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സ്ഥലമില്ലാത്തത് ചർച്ചയായി. നിമിഷങ്ങൾക്കകം എല്ലാവരും ഒത്തുകൂടി കാടുമൂടികിടന്ന സ്ഥലം പാർക്കിംഗിനായ് ഒരുക്കുവാൻ തീരുമാനിച്ചു. പാഴായി കിടന്ന സ്ഥലം രണ്ട് മണിക്കൂർ യജ്ഞത്തിനൊടുവിൽ വിശാലമായ പാർക്കിംഗ് ഗ്രൗണ്ടായി മാറ്റിയെടുത്തു. പാഴും ശൂന്യവുമായി കിടന്ന സ്ഥലം ഉപയോഗപ്പെടുത്തിയതോടുകൂടി ആശുപത്രിയിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുവാൻ സൗകര്യമായി.