perror-palam
പേരൂച്ചാൽ പാലം

റാന്നി: ശബരിമല തിരുവാഭരണപാതയിലെ പേരൂച്ചാൽ പാലം പണി പൂർത്തിയാക്കിയിട്ട് ഒന്നരവർഷം കഴിഞ്ഞെങ്കിലും അപ്രോച്ച്​ റോഡു നിർമാണം മാത്രം ഒച്ചിഴയും വേഗത്തിൽ. വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. മിക്ക ദിവസങ്ങളിലും നിർമ്മാണ പ്രവർത്തികൾ നടക്കാറില്ല . പണിനടക്കുന്ന ദിവസങ്ങളിൽ രണ്ടോ മൂന്നോ പേർ മാത്രമെ ഉണ്ടാകു. നിർമാണത്തിനിടയിൽ കണ്ടെത്തിയ രണ്ടു തൂണുകളുടെ ബലക്ഷയത്തിന് പരിഹാരം കാണുകയും, അപ്രോച്ച്​ റോഡു നിർമാണവും പൂർത്തിയായാൽ മാത്രമേ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാവൂ. തൂണുകൾ ബലപ്പെടുത്തുന്നതിനുള്ള പണികൾ അന്തിമഘട്ടത്തിലാണ്. അപ്രോച്ച് റോഡുകളുടെ പണികളാണ് ഇപ്പോഴും അവശേഷിക്കുന്നത്. ഇരുകരകളിലും റോഡിന് സംരക്ഷണഭിത്തി കെട്ടുന്ന ജോലികളാണ് നിലവിൽ നടന്നുവരുന്നത്.പാലം പൂർത്തിയാക്കാൻ ഇരുപത് വർഷത്തോളം എടുത്തിരുന്നു.ഇപ്പോൾ അപ്രോച്ച് റോഡ് നിർമ്മാണവും ഇതേപോലെ തന്നെ ആകുമോയെന്നാണ് ഇരുകരയിലേയും നാട്ടുകാർ ആശങ്കപ്പെടുന്നത്.