തിരുവല്ല: യുവാക്കളുടെ സത്യസന്ധത വൃദ്ധന് പണവും വിലപിടിപ്പുള്ള രേഖകളും തിരികെ ലഭിച്ചു. ചുമത്ര മാടംമുക്ക് സ്വദേശി കെ.വി.ഏബ്രഹാ (83)മിനാണ് ഓട്ടോറിക്ഷാ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട പണവും രേഖകളും തിരിച്ചുകിട്ടിയത്. ഇന്നലെ രാവിലെ സിൻഡിക്കേറ്റ് ബാങ്കിൽനിന്നും പണവുമായി പോകുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത്. റെയിൽവേസ്‌റ്റേഷൻ റോഡിലൂടെ ബൈക്കിൽ വരവേയാണ് മുത്തൂർ മലയിൽ പുത്തൻപറമ്പിൽ രാജേഷിനും ദേവിവിലാസംവീട്ടിൽ ശ്രീജിത്ത് എന്നിവർക്ക് റോഡിൽകിടന്ന ബാഗ് ലഭിക്കുന്നത്. പരിശോധിച്ചപ്പോൾ പണമുൾപ്പെടെയുള്ളവ കണ്ടതിനെ തുടർന്ന് സി.ഐ. പി.ആർ. സന്തോഷിനെ ബാഗ് ഏൽപ്പിച്ചു. ബാഗിൽനിന്നും കണ്ടെടുത്ത കേബിൾ ടി.വി. ബില്ലിൽനിന്നുമാണ് വിലാസക്കാരനെ കണ്ടെത്തിയത്. സി.ഐ. ഓഫീസിൽ വിളിച്ചുവരുത്തി പണമടങ്ങിയ ബാഗ് കൈമാറി. 25200 രൂപയും ചെക്ക്ബുക്ക്, പാസ്ബുക്ക് തുടങ്ങിയവ വിലപിടിപ്പുള്ള രേഖകളുമുണ്ടായിരുന്നു. രാജേഷ് അഖിലകേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ പ്രസിഡന്റും ശ്രീജിത്ത് വിശ്വകർമ്മ യുവജനസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്.