vallikkavu-vanaran

ചെങ്ങന്നൂർ: അമ്പലക്കാവിൽ നിന്ന് പുറത്തിറങ്ങി പ്രദേശവാസികൾക്ക് തലവേദന സൃഷ്ടിച്ച വാനരന്മാരെ നാട്ടുകാർ പിടികൂടി വനപാലകരെ ഏൽപ്പിച്ചു. ഇലഞ്ഞിമേൽ വളളിക്കാവ് ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയ കുരങ്ങൻമാരാണ് ശല്യമായത്. വാനരന്മാർ മുളവന കവലക്ക് സമീപമുളള വീടുകളിൽ വ്യാപക നാശം വരുത്തി. കാർഷിക വിളകൾ നശിപ്പിച്ചു, വീടുകളിൽ കയറി ആഹാരസാധനങ്ങൾ അപഹരിച്ചു, കുട്ടികളെ ആക്രമിച്ചു, കോഴികളെ കൊന്നു, ജനൽ ചില്ലുകൾ പൊട്ടിച്ചു, ടെലഫോൺ കേബിളുകൾ കടിച്ചുമുറിച്ചു, വീടിനു പുറത്തും വൈദ്യുതി തൂണുകളിലും ഘടിപ്പിച്ചിരുന്ന വൈദ്യുതി വിളക്കുകൾ വ്യാപകമായി പൊട്ടിച്ചു... നാശനഷ്ടങ്ങളുടെ നിര നീണ്ടതാണ്. കൂടാതെ കിണറുകളിലും വാട്ടർ ടാങ്കിലും മലമൂത്ര വിസർജ്ജനം നടത്തിയതോടെ നാട്ടുകാരുടെ ക്ഷമനശിച്ചു.

ശല്യം രൂക്ഷമായതോടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ബുധനൂർ പഞ്ചായത്തിൽ പരാതി നൽകി. പഞ്ചായത്ത് നിസംഗത പാലിച്ചതോടെ സജി ചെറിയാൻ എം.എൽ.എയ്ക്കും പരാതി നൽകി. എം.എൽ.എ ഇടപെട്ടിട്ടും വനംവകുപ്പ് എത്തിയില്ല. തുടർന്ന് ശല്യം അതിരുവിട്ടപ്പോൾ ഏഴ് വർഷം മുൻപ് പഞ്ചായത്ത് നൽകിയ കൂടുവച്ച് നാട്ടുകാർ ശല്യക്കാരെ ഒതുക്കുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി 6 കുരങ്ങൻമാരെ പിടികൂടി. എന്നാൽ ശല്യക്കാരായ കൂടുതൽ പേർ ഇപ്പോഴും പ്രദേശങ്ങളിൽ ഉണ്ട്. ഇവയെ പിടികൂടണമെങ്കിൽ കൂടുതൽ കൂടുകൾ വേണം.

ആക്ഷൻ കൗൺസിലിന്റെ പരാതിയെ തുടർന്ന് റാന്നി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു.പ്രദേശത്തെ കുരങ്ങ് ശല്യത്തിന് അറുതിവരുത്തും.

അഡ്വ.പി.വിശ്വംഭര പണിക്കർ

(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

കൂടുതൽ കൂടുകൾ എത്തിക്കും

വാനരശല്യം ഇല്ലാതാക്കാൻ നടപടി സ്വീകരിക്കും.കൂടാതൽ കൂടുകൾ അടുത്ത ദിവസങ്ങളിൽ വളളിക്കാവിലെത്തിക്കും. ശല്യക്കാരായ വാനരന്മാരെ പിടികൂടി ഉൾവനങ്ങളിൽ തുറന്നുവിടും. ഇപ്പോൾ പിടികൂടിയ വാനരൻമാരെ വനത്തിൽ തുറന്നുവിട്ടു.

ആതീഷ് (റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ)

പുറത്തുപോയാൽ അകത്തു കയറ്റില്ല

ക്ഷേത്രത്തിൽ വാനരന്മാർക്ക് പ്രത്യേകം ഭക്ഷണവും കുടിക്കാനും കുളിക്കാനും വെളളവും നൽകുന്നുണ്ട്. ക്ഷേത്രത്തിലെ വാനര സംഘത്തിലെ ചില വിരുതന്മാർ ക്ഷേത്ര മതിൽക്കകം വിട്ട് പുറത്ത് പോകും. നാട്ടിൽ കറങ്ങി നടന്നതിന് ശേഷം തിരികെ എത്തുന്നവരെ ക്ഷേത്രത്തിൽ കഴിയുന്ന വാനരന്മാർ കൂട്ടത്തിൽ കൂട്ടുകയില്ല. മാത്രമല്ല ക്ഷേത്രത്തിലെ ഭക്ഷണം കഴിക്കാനും അനുവദിക്കില്ല. ആക്രമിച്ച് ഓടിക്കുകയാണ് പതിവ്. ക്ഷേത്രത്തിൽ നിന്ന് പുറത്താകുന്ന വാനരന്മാരാണ് പ്രശ്‌നക്കാരാകുന്നത്.