അടൂർ : നിർമ്മാണത്തിലെ അപാകത കാരണം 9 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡ് വെട്ടിപൊളിക്കുന്നത് കണ്ട് നെഞ്ചിൽ കൈവച്ചത് നാട്ടുകാരാണ്. മരിയ ആശുപത്രിക്ക് സമീപമാണ് നിരന്തരമായ വെള്ളചോർച്ചയെ തുടർന്ന് ഇന്നലെ വീണ്ടും റോഡ് വെട്ടിപൊളിച്ചത്. ഉന്നത നിലവാരത്തിൽ നിർമ്മിച്ച കെ.പി റോഡ് വീണ്ടും നിഷ്ക്കരുണം വെട്ടിപൊളിച്ചതിന് പ്രധാന ഉത്തരവാദി വാട്ടർ അതോററ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥതന്നെ. കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാകേണ്ട റോഡ് നിർമ്മാണം ഉന്നത നിലവാത്തിലുള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ പേരിൽ കഴിഞ്ഞ ആഴ്ചയാണ് പൂർത്തിയായത്. വാട്ടർ അതോററ്റിയുടെ മെല്ലെപോക്ക് കാരണം പഴികേട്ടത് മുഴുവൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരും എം. എൽ. എയും. അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലായിരുന്നു കെ.പി റോഡിന്റെ തകർച്ചയ്ക്ക് വഴിവെളിച്ചത്. നിലവാരമില്ലാത്ത പൈപ്പാണ് ഇതിന് കാരണമെന്നായിരുന്നു വാട്ടർ അതോററ്റിയുടെ നിലപാട്. ഇതിന് പരിഹാരമായാണ് ഉന്നത നിലവാരത്തിലുള്ള ഡി. ഐ പൈപ്പുകൾ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചത്. റോഡ് വട്ടിക്കുഴിക്കുന്നതു വഴിയുള്ള നഷ്ടം നികത്താൻ പൊതുമരാമത്ത് വകുപ്പിന് നൽകേണ്ട അഞ്ചരകോടി രൂപ അടയ്ക്കണമായിരുന്നു. ഇതിന്റെ പേരിൽ പൈപ്പ്മാറ്റി സ്ഥാപിക്കൽ ഒന്നര വർഷത്തോളം മുടങ്ങി. ഒടുവിൽ പണമടച്ച് വന്നപ്പോഴേക്കും കെ. പി റോഡ് തകർന്ന് തരിപ്പണമായി. റോഡ് പുനർ നിർമ്മിക്കാൻ കരാർ നൽകിയിട്ടും പൈപ്പ് സ്ഥാപിക്കൽ വൈകിയതോടെ റോഡ് നിർമ്മാണവും അനിശ്ചിതത്വത്തിലായി. ഇതിന്റെ പേരിൽ അടൂരിൽ അരങ്ങേറിയത് സമര പരമ്പരകളും. പൈപ്പുകൾ സ്ഥാപിച്ച ശേഷം മാർച്ച് 5 നാണ് റോഡ് ഒൗദ്യോഗികമായി പൊതുമരാമത്തിന് കൈമാറിയത്. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് റോഡ് നിർമ്മാണം നടത്തിയത്. പുതിയതായി സ്ഥാപിച്ച പൈപ്പുകളുടെ കൂട്ടിചേർക്കലിലുണ്ടായ അപാകതയാണ് ചോർച്ചയ്ക്ക് ഇടവരുത്തിയത്. ഇത് റോഡ് നിർമ്മാണത്തിന് വീണ്ടും തടസം സൃഷ്ടിച്ചു. ഒടുവിൽ ഒട്ടേറെ വൈതരണികൾ താണ്ടി റോഡ് നിർമ്മാണം പൂർത്തീകരിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ചോർച്ച.
ഉദ്യോഗസ്ഥ വീഴ്ച
പൈപ്പ് സ്ഥാപിക്കലിൽ ഒട്ടേറെ അപാകതകൾ കടന്നുകൂടി. ഇത് മറച്ചുവച്ചാണ് റോഡ് കൈമാറിയത്. ഇതോടെ ഉന്നത മർദ്ദത്തിൽ വെള്ളം തുറന്നുവിടാൻ കഴിയാതെ ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം ലഭിക്കാതെ വന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തന്നെ വാട്ടർ അതോററ്റി ഒാഫീസിന് മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചതോടെ വെള്ളത്തിന്റെ മർദ്ദം കൂട്ടാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായി. ഇതോടെയാണ് വീണ്ടും പലയിടത്തും ചോർച്ച രൂപം പ്രാപിച്ചത്.
ഏഴംകുളത്ത് പുനർ നിർമ്മിച്ച ഭാഗവും വെട്ടികുഴിച്ച് ഇട്ടിട്ട് ദിവസങ്ങളായി. ഇത് പൂർത്തീകരിക്കാതെ കിടക്കുന്നതിനിടെയാണ് വീണ്ടും ചോർച്ച പ്രത്യക്ഷമായത്. ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡ് വീണ്ടും വെട്ടികുഴിക്കുന്നതിന്റെ നഷ്ടം വാട്ടർ അതോററ്റി നികത്തേണ്ടിവരും.
മുരുകേഷ് കുമാർ,
അസി.എഞ്ചിനീയർ, വാട്ടർ അതോററ്റി