1

ഇളമണ്ണൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പൂതങ്കര അടപ്പുപാറക്ക് സമീപം റബ്ബർ തോട്ടത്തിൽ കണ്ടെത്തിയ 2000 ലേറെ വർഷങ്ങൾ പഴക്കമുണ്ടെന്ന് കരുതുന്ന മുനിയറയുടെ ചരിത്രം തേടുകയാണ് പുരാവസ്തു വകുപ്പ്. ഏനാദിമംഗലത്തിന്റെ പൈതൃകം എന്ന വിഷയത്തിൽ കാര്യവട്ടം ക്യാമ്പസിലെ ഹരിനാരായണൻ എന്ന ബിരുദാനന്തര വിദ്യാർത്ഥി സമർപ്പിച്ച പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ആർക്കിയോജി വിഭാഗം ഖനനം ആരംഭിച്ചത്.ഏനാദിമംഗലത്തെ ഇളമണ്ണൂരിലും പൂതങ്കരയിലും ഒട്ടേറെ മുനിയറകൾ ഉണ്ടെന്ന് മുൻപ് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ പഠനമാണിപ്പോൾ നടക്കുന്നത്. ഓരോ നിശ്ചിത ദൂരം ഖനനം ചെയ്യുമ്പോഴും മണ്ണ് ശേഖരിച്ച് പരിശോധനകളും നടത്തുന്നുണ്ട്. 7 ദിവസമായി തുടരുന്ന ഖനനത്തിൽ കാര്യവട്ടം ക്യാമ്പസിലെ ആർക്കിയോളജി വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 11 പേർ പങ്കെടുക്കുന്നുണ്ട്.

ഈ പ്രദേശങ്ങളിൽ നിരവധി മുനിയറകൾ മുൻപ് കണ്ടെത്തിയിരുന്നെങ്കിലും പലതും നശിപ്പിക്കപ്പെട്ടിരുന്നു. മുപ്പതോളം വർഷങ്ങൾക്ക് മുൻപ് മുനിയറകളിലെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തേടി പ്രദേശവാസികൾ ഖനനം നടത്തിയിരുന്നതായും വിവരങ്ങളുണ്ട്.

മുനിയറകൾ

മഹാശിലായുഗ കാലത്ത് നിർമ്മിച്ച ഒറ്റയറയുള്ള കല്ലറകളാണ് മുനിയറകൾ എന്ന് അറിയപ്പെടുന്നത്. മരിച്ച് പോയവരുടെ ഓർമ്മയ്ക്കായി അവർ ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ഈ കല്ലറകളിൽ അടക്കം ചെയ്യുമായിരുന്നു.നാല് വശവശവും നീളമുള്ള പാറകളാൽ നിർമ്മിച്ച രണ്ട് മുനിയറകളാണ് ഇവിടെ കണ്ടെത്തിയത്.

ഖനനം പകുതി വഴിയിലാണ്. മുൻപ് ഈ പ്രദേശങ്ങളിൽ സ്വർണ്ണ വേട്ട എന്ന പേരിൽ ഇത്തരത്തിലുള്ള മുനിയറകൾ കുഴിച്ചിട്ടുളളതായി പറയപ്പെടുന്നു.

ജി.എസ് അഭയാൻ

(അസി. പ്രൊഫ.കാര്യവട്ടം കോളേജ്)

ഏനാദിമംഗലത്ത് ചരിത്രശേഷിപ്പുകൾ ഏറെ

ഐതീഹ്യപരമായി ഏനാദിമംഗലത്തിന് ചരിത്രാതീതകാലത്തോളം പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു.ചെന്നീർക്കര രാജവംശത്തിന്റെയും തുടർന്ന് കായംകുളം രാജവംശത്തിന്റെയും അധീനതയിൽപ്പെട്ട പ്രദേശമായിരുന്നുവെന്ന് കരുതാൻ ചരിത്രാവശിഷ്ടങ്ങൾ മുൻപും ലഭിച്ചിരുന്നു.കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കൊട്ടാരമായ തൃപ്പൂണിത്തറ ഹിൽപ്പാലസിൽ ഏനാദിമംഗലത്ത് നിന്ന് കൊണ്ടുപോയ പുരാതന ശിവക്ഷേത്രത്തിന്റെ ഒരുഭാഗം പ്രദർശിപ്പിച്ചിരിക്കുന്നത് ഇപ്പോഴും കാണാം. മുൻപ് പട്ടാളക്കാരെ പരിശീലിപ്പിച്ച് വന്നിരുന്നതെന്ന് കരുതുന്ന കളരിയും ക്ഷേത്രവും ചെന്നീർക്കര രാജവംശത്തിന്റെ തായ് വഴിയെന്ന് കരുതുന്ന ചേന്നായത്ത് കുടുംബത്തിനോട് ചേർന്ന് ഇപ്പോഴുമുണ്ട്. സമീപത്തെ കുതിരമൺ പാലത്തിന് പടിഞ്ഞാറ് വശത്തായി കനാലിനോട് ചേർന്ന് അടുത്ത കാലത്ത് വരെ ഒരു വലിയ കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.