helath
പുളിക്കീഴ് ബ്ലോക്ക് തല മഴക്കാലപൂർവ്വ രോഗപ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണയജ്ഞവും ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സതീഷ്‌ ചാത്തങ്കരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ചാത്തങ്കേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണയജ്ഞത്തിനും തുടക്കമായി. ബ്ലോക്ക്പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സതീഷ്‌ ചാത്തങ്കരി നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ സൂസമ്മ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ അംബികാമോഹൻ, അഡ്വ.എം.ബി.നൈനാൻ, ജോ.ബി.ഡി.ഒ.ലൈലാ ഫിലിപ്പ്, ഹെൽത്ത് സൂപ്പർവൈസർ സന്തോഷ്, പി.ആർ.ഓ സുധീഷ്, സി.ഡി.പി.ഒ. പ്രസന്നകുമാരി എന്നിവർ നേത്യത്വം നൽകി. ഒരുവർഷം നീണ്ടുനിൽക്കുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണയജ്ഞവും ബ്ലോക്ക് പഞ്ചായത്തിന്റെ നേത്യത്വത്തിൽ മൂന്ന് ഘട്ടങ്ങളായി നടത്തും. എല്ലാവാർഡുകളിലും ഹെൽത്ത് സാനിട്ടേഷൻ കമ്മിറ്റി കൂടി വാർഡ്തല ശുചീകരണത്തിന് അതാത് വാർഡിലെ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളെയും ചുമതലപ്പെടുത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻ.എച്ച്.എമ്മിന്റെയും ശുചിത്വമിഷൻ പഞ്ചായത്ത് എന്നിവരുടെ ധനസഹായമായി 25000രൂപ ചെലവഴിക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേത്യത്വത്തിൽ എല്ലാ സ്ഥാപനങ്ങളിലും ബയോവേയ്സ്റ്റ് ബിൻ വിതരണം ചെയ്തു. തൊഴിലുറപ്പിന് പോകുന്നവർക്ക് മലിനജലത്തിൽ ഇറങ്ങുന്നവർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ എല്ലാ സാമൂഹിക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വിതരണം ചെയ്യുവാൻ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള മുഴുവൻ സ്‌ക്കൂളുകൾ, അംഗൻവാടികൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കിണറുകൾ വ്യത്തിയാക്കി ക്ലോറിനേറ്റ് ചെയ്യുവാൻ തീരുമാനിച്ചു. ആയൂർവേദ, ഹോമിയോയുടെ നേതൃത്വത്തിൽ പ്രതിരോധമരുന്നും ബോധവത്ക്കരണ ക്ലാസുകളും നടത്തും. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും ബി.ഡി.ഒയെ ചുമതലപ്പെടുത്തി.