തിരുവല്ല: നഗരസഭ ടൗൺ ഹാളിനുള്ളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സംഭവം വിവാദമായി. ഇതേതുടർന്ന് ജില്ലാ കളക്ടർ തിരുവല്ല സബ് കലക്ടറോട് റിപ്പോർട്ട് തേടി. സംഭവത്തെ തുടർന്ന് സബ് കളക്ടർ ഡോ. വിനയ് ഗോയൽ ടൌൺ ഹാളിൽ നേരിട്ടെത്തി പരിശോധ നടത്തി. മാദ്ധ്യമ വാർത്തകളെ തുടർന്നാണ് ജില്ലാ കളക്ടറുടെ നടപടി. ലക്ഷങ്ങൾ വിലമതിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങൾ കഴിഞ്ഞ ആഗസ്റ്റിലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനങ്ങൾക്ക് എത്തിച്ചവയാണ്. ഇവ മാസങ്ങൾ കഴിഞ്ഞിട്ടും ഉപയോഗപ്പെടുത്താതെ ഇവിടെ കെട്ടിക്കിടന്ന് നശിക്കുന്ന നിലയിലായിരുന്നു. ആയിരത്തോളം ലൈഫ് ജാക്കറ്റുകളും, ലൈഫ് ബോയകളും, 100 അഫ്ക ലൈറ്റ്, ഇത്കൂടാതെ തുറക്കാത്ത നിരവധി പെട്ടികളിലും നിരവധി സാധനങ്ങൾ ഉണ്ടായിരുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയാണ് ഇതെല്ലാം എത്തിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് അന്ന് ടൗൺഹാളിൽ സൂക്ഷിച്ചത്. പ്രളയത്തിനുശേഷം ഇവ എന്തു ചെയ്യണമെന്ന തീരുമാനം എടുത്തിരുന്നില്ല. ഈ സാമഗ്രികൾ ഇവിടെനിന്ന് നീക്കണമെന്നു നഗരസഭ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാലിവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട അനന്തര നടപടികൾ സംബന്ധിച്ച് കളക്ടർക്ക് ഉടൻതന്നെ റിപ്പോർട്ട് നൽകുമെന്ന് സബ് കളക്ടർ അറിയിച്ചു. അഫ്ക ലൈറ്റുകൾ പോലെയുളളവ അഗ്നിരക്ഷാസേനയ്ക്ക കൈമാറുകയോ, ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയകളും പഞ്ചായത്തകൾക്ക് നൽകി ഇവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് പഠനം നടത്താം. ഇത്തരത്തിലുളള നിർദേശങ്ങൾ ഇതിലുണ്ടാകുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. അതല്ല ഇവ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണോ എന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.