അടൂർ : പാസിൽ തിരിമറി നടത്തി മണ്ണുകടത്തിയ മൂന്ന് ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. കൊട്ടാരക്കര മൈലത്തുനിന്ന് ജിയോളജി വകുപ്പിന്റെ അനുമതി വാങ്ങിയശേഷം പാസിൽ തിരിമറി നടത്തി മണ്ണ് കടത്തിയ ലോറികൾ അടൂർ ഡിവൈ. എസ്. പി കെ. എ. തോമസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മൂന്ന് ഡ്രൈവർമാരെ അറസ്റ്റുചെയ്തു. വാഴമുട്ടം കുന്നുപറത്ത് കിഴക്കേതിൽ സുധീഷ് കുമാർ, മുതുകുളം തെക്കേചാങ്ങേത്തറയിൽ വിഷ്ണുരാജ്, കറ്റാനം ശ്യാംഭവനിൽ ശ്യാംകുമാർ എന്നിവരാണ് അറസ്റ്റിലായത്. സിവിൽ പൊലീസ് ഒാഫീസർമാരായ ശരത്, ബിജു, റാം മോഹൻ എന്നിവരും ഡി. വൈ. എസ്. പിയുടെ സംഘത്തിലുണ്ടായിരുന്നു.