തിരുവല്ല: കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായി. ഇപ്പോൾ ദിനംപ്രതി 20 സർവ്വീസുകൾ വരെ മുടങ്ങുന്നു. ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ കുറവ് നികത്തിയിരുന്നത് എംപാനലുകാരായിരുന്നു. എന്നാൽ ഇവരെ കോടതി വിധിപ്രകാരം ഒഴിവാക്കിയതോടെ ജീവനക്കാരുടെ എണ്ണം തീരെ കുറഞ്ഞു. സർവീസുകളെയും കാര്യമായി ബാധിച്ചു. പല പ്രധാന സർവീസുകളും വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയാണ്. ഒരു ദിവസം 65 സർവീസുകളാണ് ഇവിടെ നിന്ന് നടത്തിയിരുന്നത്. എംപാനൽ ജീവനക്കാരെ കൂടി ഉപയോഗിച്ചാണ് ഇവയെല്ലാം കൃത്യമായി ഒാപ്പറേറ്റ് ചെയ്തിരുന്നത്. എന്നാൽ പകരം ജീവനക്കാർ എത്താതിരുന്നത് ഡിപ്പോയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിച്ചു. സർവ്വീസ് മുടങ്ങുമ്പോൾ മിക്കപ്പോഴും യാത്രക്കാരുടെ രോഷത്തിനും ഡിപ്പോയിലെ ജീവനക്കാർ ഇരയാകുന്നുണ്ട്. റാന്നി, മല്ലപ്പള്ളി, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ പ്രദേശങ്ങളിലെയും ഗ്രാമീണ മേഖലകളായ നിരണം, കല്ലുങ്കൽ, ഹരിപ്പാട്, തിരുവൻവണ്ടൂർ എന്നീ സർവ്വീസുകളും പലതും നിർത്തിവച്ചിരിക്കുകയാണ്. ഇതോടൊപ്പം സംസ്ഥാനത്തൊട്ടാകെ അധികൃതർ നടത്തിയ പരിഷ്‌കാരങ്ങളും ഡിപ്പോയുടെ ദീർഘദൂര സർവീസുകളുടെ വരുമാനത്തെ കുറച്ചു. മൂന്നാഴ്ച കഴിയുന്നതോടെ വിദ്യാലയങ്ങൾ തുറക്കും. ഇതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. കുട്ടികളും ജീവനക്കാരും ഉൾപ്പെടെയുളളവർ ഇതുമൂലം യാത്രക്ലേശത്തിന് ഇരകളാകും. ജീവനക്കാരുടെ കുറവ് കാരണം സർവീസുകൾ കാര്യക്ഷമമായി നടത്താനാകുന്നില്ലെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. പകരം സംവിധാനത്തെ കുറിച്ച് സർക്കാർതലത്തിലുളള തീരുമാനം കാത്തിരിക്കുകയാണ് ഡിപ്പോ അധികൃതർ. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന ദേശസാൽകൃത റൂട്ടുകളിൽ ഉൾപ്പെടെ കടുത്ത യാത്രാക്ലേശമാണ് ഉണ്ടായിരിക്കുന്നത്. പ്രതിസന്ധി എങ്ങനെ മറികടക്കാനാകുമെന്ന് അറിയാതെ ഡിപ്പോ അധികൃതരും കുഴയുകയാണ്.
ഒഴിവാക്കിയ 64 പേർക്ക് പകരക്കാരില്ല
കോടതി വിധിയെത്തുടർന്ന് തിരുവല്ല ഡിപ്പോയിൽ ജോലി ചെയ്തിരുന്ന 64 എം.പാനൽ ജീവനക്കാരെ ഒഴിവാക്കി. എന്നാൽ ഇവർക്ക് പകരം കണ്ടക്ടർമാർ എത്തിയിട്ടില്ല. പ്രതിദിനം പത്തുലക്ഷത്തിൽ അധികം വരുമാനം ഉണ്ടായിരുന്ന ഡിപ്പോയാണ് തിരുവല്ലയിലേത്. എന്നാലിപ്പോൾ എട്ടുലക്ഷത്തിൽ കുറവാണ് ലഭിക്കുന്നത്. ലാഭത്തിലായിരുന്ന ഡിപ്പോ നഷ്ടത്തിലേക്ക് പോകുന്ന കാഴ്ചയാണ്.