-llibrari-

കടമ്പനാട് : ഒറ്റ പുസ്തകം പോലുമില്ലാതെ ഒരു ലൈബ്രറി. ഉദ്ഘാടനം ചെയ്തത് മന്ത്രിയും. മണ്ണടി വേലുതമ്പിദളവാ സ്മാരക മ്യൂസിയം വളപ്പിലാണ് പുസ്തകങ്ങളില്ലാത്ത ലൈബ്രറി ഉള്ളത്. മന്ത്രി കടന്നപള്ളി രാമചന്ദ്രനായിരുന്നു ഉദ്ഘാടകൻ. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷനും.

എം.എൽ.എയുടെ പ്രാദേശികവികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപാ ചെലവിട്ടാണ് ലൈബ്രറി ആൻഡ് ഗവേഷണകേന്ദ്രം എന്നപേരിൽ കെട്ടിടം പണി തുടങ്ങിയത്. മൂന്ന് വർഷം പിന്നിട്ടെങ്കിലും പൂർത്തിയായിട്ടില്ല. വൈദ്യുതിയില്ലെന്ന് മാത്രമല്ല ഇതുവരെ വയറിംഗ് നടത്തിയിട്ടില്ല. തറയിൽ ടൈൽസ് പാകുന്ന പണിയും പ്ലംബിംഗ് ജോലികളും പെയിന്റിംഗും ബാക്കി കിടക്കുന്നു.ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ അനുവദിച്ചാൽ സൂക്ഷിക്കാൻ സൗകര്യമില്ല. ലൈബ്രറേറിയൻ നിയമനവും നടന്നിട്ടില്ല. ഇത്തരം കാര്യങ്ങളിൽ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. സാഹചര്യങ്ങളിതാണന്നിരിക്കേ കഴിഞ്ഞ മാർച്ച് 26ന് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ലൈബ്രറി ഉദ്ഘാടനംചെയ്തു. രാത്രി 8 മണിക്ക് വൈദ്യുതിയില്ലാതിരുന്നതിനാൽ മെഴുകുതിരിവെട്ടത്തിലാണ് നാടമുറിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ജനത്തിന്റെ കണ്ണിൽ മണ്ണിട്ട് നടത്തിയ ഉദ്ഘാടന മാമാങ്കങ്ങളിലൊന്നായിരുന്നു ലൈബ്രറി ഉദ്ഘാടനം.എന്നാൽ പിന്നീട് ഇങ്ങോട്ടാരും തിരിഞ്ഞ് നോക്കിയിട്ടില്ല. പണികൾക്കായി കൊണ്ടുവന്നപലകകൾ കെട്ടിടത്തിന്റെ ഉള്ളിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്.

പ്രയോജനകരമായ പദ്ധതി, ഉപയോഗപ്പെടുത്തിയിട്ടില്ല

വേലുത്തമ്പിദളവാ സ്മാരകത്തിലെത്തുന്നവർക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നാട്ടുകാർക്കുമെല്ലാം പ്രയോജനകരമാണ് ലൈബ്രറിയും ഗവേഷണകേന്ദ്രവും. എന്നാൽ പൂർത്തീകരിക്കാത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയിട്ടും തുടർ നടപടികൾ വൈകിപ്പിക്കുന്നത് പ്രദേശവാസികളുടെ എതിർപ്പിന് വഴിയൊരുക്കുകയാണ്.