adoor-road

....അടൂർ ഗോപാലകൃഷ്ണൻ റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു

മണക്കാല (അടൂർ):

2014 ആഗസ്റ്റ് 17.

ഉത്സവാന്തരീക്ഷത്തിൽ മണക്കാല ജംഗ്ഷനിൽ ഒരു ചടങ്ങ് നടന്നു. മണക്കാല മുതൽ ചിറ്റാണിമുക്ക് വരെ രണ്ട് കിലോമീറ്റർ റോഡിന് 'അടൂർ ഗോപാലകൃഷ്ണൻ റോഡ്' എന്നു നാമകരണം നടത്തിയത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു.

2019 മേയ് 14

മണക്കാല ജംഗ്ഷൻ

അടൂർ ഗോപാലകൃഷ്ണൻ റോഡ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബോർഡ് ചൂണ്ടിക്കാട്ടി ഒരു യാത്രക്കാരൻ പറയുന്നു,

ഇനി എങ്കിലും ഇൗ ബോർഡ് എടുത്തുമാറ്റണം. 'പ്ളീസ് അടൂരിനെ ഇങ്ങനെ നിന്ദിക്കരുത്...

നാട്ടുകാർ പറയുന്നതിൽ കാര്യമുണ്ട്. മണക്കാല മുതൽ ചിറ്റാണിമുക്കിലേക്ക് യാത്ര ചെയ്താൽ കാണാം റോഡിന്റെ ദുര്യോഗം. ടാർ പൊളിഞ്ഞ് കുഴികൾ നിറഞ്ഞു. ബൈക്കുകളും ഒാട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നു. നടന്നു പോയാലും കുഴിയിൽ വീഴും. മഴ പെയ്താൽ വെളളം നിറഞ്ഞ് റോഡിലെ കുഴിയറിയാതെ വാഹനങ്ങൾ മറിയും. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പത്തോളം ബസുകൾ കുഴികളിൽ ചാടിക്കയറന്നു. വിദ്യാർത്ഥികളടക്കമുളള യാത്രക്കാരുടെ നടുവൊടിയാൻ ഇത്രയൊക്കെ മതി. അടൂർ ഗോപാലകൃഷ്ണൻ റോഡ് എന്ന് നാമകരണം നടത്തിയപ്പോൾ റോഡ് ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിയും എന്ന പ്രഖ്യാപനവും കേട്ടിരുന്നു. ചടങ്ങു കഴിഞ്ഞതോടെ പ്രഖ്യാപിച്ചവർ ഇൗ വഴിക്ക് വന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

സമീപത്തെയും ഉൾപ്രദേശങ്ങളിലെയും റോഡുകൾ ടാർ ചെയ്തിട്ടുണ്ട്. എന്നാൽ, അടൂർ ഗോപാലകൃഷ്ണൻ റോഡിനെ മാത്രം കൈയൊഴിഞ്ഞു. അടൂർ ഗോപാലകൃഷ്ണന്റെ കുടുംബവീടിന് മുന്നിലൂടെയാണ് റോഡ്. നാട്ടിലേക്കു വരുമ്പോൾ അദ്ദേഹം മണക്കാല ജംഗ്ഷനിലെ അടൂർ ഗോപാലകൃഷ്ണൻ റോഡെന്ന പേര് കണ്ടിട്ടാണ് വീട്ടിലേക്ക് പോകുന്നത്. റോഡിന്റെ ദുരവസ്ഥയെ ശപിക്കുന്ന നാട്ടുകാരുടെ മനസിൽ തന്റെ പേരുമുണ്ടല്ലോ എന്നോർത്ത് അടൂർ ഗോപാലകൃഷ്ണൻ ദു:ഖിക്കുന്നുണ്ടാവും.

ജില്ലാ പഞ്ചായത്ത് അവഗണിക്കുന്നു

നേരത്തെ പാെതുമരാമത്ത് വകുപ്പിന്റേതായിരുന്നു മണക്കാല മുതൽ ചിറ്റാണിമുക്ക് വരെയുളള റോഡ്. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതോടെയാണ് കഷ്ടകാലം തുടങ്ങിയത്. കഴിഞ്ഞ ഭരണസമിതിയിൽ പഴകുളം മധു ജില്ലാ പഞ്ചായത്തംഗം ആയിരിക്കെ കുഴികൾ നികത്തി റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ആറ് മാസം കഴിഞ്ഞപ്പോഴേക്കും തകർന്നു.

അതേസമയം, മണക്കാല ജംഗ്ഷനിൽ നിന്ന് അടൂർ മൂന്നാളം വരെയുളള പൊതുമരാമത്ത് റോഡ് അടുത്തിടെ ഉന്നത നിലവാരത്തിൽ പുതുക്കിപ്പണിയുകയും ചെയ്തു. ഇൗ റോഡിൽ ബസ് ഗതാഗതമില്ല. വാഹനത്തിരക്കുളള അടൂർ ഗോപാലകൃഷ്ണൻ റോഡ് പൊതുമരാമത്തിനെ തിരികെ ഏൽപ്പിച്ച് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

...

'' ബസുകൾ ഉൾപ്പെടെ വാഹനത്തിരക്കേറിയ റോഡാണിത്. അഞ്ച് വർഷത്തിലേറെയായി റോഡ് പൊളിഞ്ഞിട്ട്. പുനർനിർമാണത്തിന് ജില്ലാ പഞ്ചായത്തിന് പറ്റുന്നില്ലെങ്കിൽ പൊതുമരാമത്തിനെ ഏൽപ്പിക്കണം.

അനിൽ മണക്കാല, പൗരസമിതി.

...

'' നാടിനെ പ്രശസ്തമാക്കിയ അടൂർ ഗോപാലകൃഷ്ണന്റെ നാട്ടിലേക്കുളള റോഡിനെ ഇൗ നിലയിൽ നിന്ന് മോചിപ്പിക്കണം. നാട്ടുകാരുടെ ദുരിതം കാണാൻ ജനപ്രതിനിധികൾ തയ്യാറാകണം.

വിശ്വനാഥൻപിളള, ഗ്രാമോദ്ധാരണ ഗ്രന്ഥശാല സെക്രട്ടറി.