തിരുവല്ല: മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ രാജേന്ദ്രൻപിള്ളയുടെ വൃക്കകളിൽ ഒരെണ്ണം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സായിലിരുന്ന ആലപ്പുഴ സ്വദേശി കെ.ആർ. രാജീവിന് ശസ്ത്രക്രീയയിലൂടെ തുന്നിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് രാജീവിന് ആരോഗ്യം വീണ്ടെടുക്കാനായത്. ഇന്നലെ രാവിലെ 8.25 ന് വൃക്കയുമായി പുഷ്പഗിരിയിലെ ആംബുലൻസ്, ഡ്രൈവർ മനോജ് കെ.എസിന്റെയും ട്രാൻസ് പ്ലാന്റ് കോ ഒാർഡിനേറ്ററായ എബി ജേക്കബിന്റെയും നേതൃത്വത്തിൽ 65 മിനിട്ടിനുളിൽ തിരുവനന്തപുരത്ത് നിന്ന് തിരുവല്ലയിൽ എത്തുകയായിരുന്നു. പൊലീസിന്റെ സഹകരണത്തോടെ ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കി. നെഫ്രോളജി വിഭാഗം ഡോ. സുബാഷ് പി പിള്ള, ഡോ. സതിഷ് ബാലകൃഷ്ണൻ, ഡോ.അനു സണ്ണി , ഡോ.റീന തോമസ്, യുറോളജി വിഭാഗം ഡോ.നെബു ഐസക് മാമൻ. അനസ്തീസിയോളജി വിഭാഗം ഡോ.പി.എ.ജേക്കബ്, ഡോ. മറിയ മാമൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നുമണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി . ഇപ്പോൾ ട്രാൻസ്പ്ലാന്റ് ഐ.സി.യുവിൽ രാജീവ് സുഖം പ്രാപിച്ചുവരികയാണ്.