പത്തനംതിട്ട : വഴിയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കളക്ടറേറ്റിന് മുന്നിൽ ചെങ്ങറസമര സമിതി പ്രവർത്തകർ സ്ഥാപിച്ച സമരപന്തൽ കേരളകൗമുദി വാർത്തയെ തുടർന്ന് നഗരസഭ അധികൃതർ പൊളിച്ചു മാറ്റി. സമരം അവസാനിപ്പിച്ച് മടങ്ങി പോയിട്ടും സമരക്കാർ പന്തൽ പൊളിച്ചു മാറ്റിയിരുന്നില്ല. പലതവണ അധികൃതർ വിവരമറിയിച്ചിട്ടും പന്തൽ നീക്കാൻ സമരസമിതി പ്രവർത്തകർ കൂട്ടാക്കിയില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ 11ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നഗരസഭാ ചെയർപേഴ്സൺ ഗീതാ സുരേഷും കൗൺസിലർ പി.കെ ജേക്കബും മുൻ കൈ ഇന്നലെ രാവിലെ 6.30 നാണ് ശുചീകരണ തൊഴിലാളികളെ കൊണ്ട് സമര പന്തൽ നീക്കിയത്.
2017 ഏപ്രിൽ 16നാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെങ്ങറ സമരാനുകൂലികൾ കളക്ടറേറ്റിന് മുമ്പിൽ സമരം ആരംഭിച്ചത്. സമരത്തിന് ശ്രദ്ധ ലഭിക്കാതെ വന്നപ്പോഴാണ് ഇവർ സമരം ഉപേക്ഷിച്ചത്. സമര പന്തൽ കാരണം വഴിയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയിലായിരുന്നു. ചെറിയ വളവായതിനാൽ എതിരെ വരുന്ന വാഹനം കാണാൻ പറ്റില്ല. ദീർഘ ദൂര ബസുകൾ അടക്കം സർവീസ് നടത്തുന്ന റോഡായതിനാൽ വൃദ്ധർക്കും കുട്ടികൾക്കും എളുപ്പത്തിൽ റോഡ് ക്രോസ് ചെയ്യാൻ കഴിയാറില്ലായിരുന്നു. നാല് വാഹന അപകടങ്ങളും ഇവിടെ ഉണ്ടായി. കഴിഞ്ഞയിടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പന്തലിന്റെ ഭൂരിഭാഗവും നിലംപൊത്തി. പന്തലിന്റെ മേൽക്കൂരയിൽ അലൂമിനിയം ഷീറ്റാണ് ഉപയോഗിച്ചിരുന്നത്. വേനൽക്കാലത്ത് തീപിടിത്തത്തിനും ആളില്ലാത്ത സമരപന്തൽ കാരണമാകും എന്നതിനാലാണ് വേഗം നീക്കിയതെന്ന് അധികൃതർ പറയുന്നു. സർക്കാർ സ്ഥാപനങ്ങൾ കൂടുതലും ഇവിടെയായതിനാൽ നിരവധി പേരാണ് ദിവസവും വന്നു പോകുന്നത്. നഗരസഭയുടെ മാലിന്യ നിക്ഷേപ സ്ഥലത്തേക്കാണ് പന്തൽ സാമഗ്രികൾ മാറ്റിയത്.