പന്തളം : കുളനട പഞ്ചായത്തിലെ മാന്തുക രണ്ടാം പുഞ്ച മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. എം.സി. റോഡിന്റെ ഇരു സൈഡിലുമായി അഞ്ഞൂറ് മീറ്റർ ദൂരത്തിലുള്ള ഈ പുഞ്ചയിൽ രാത്രികാലങ്ങളിലും മറ്റും കോഴിക്കടകളിലെയും, അറവുശാലകളിലെയും, മത്സ്യ - പച്ചക്കറി മാർക്കറ്റുകളിലെയും അവശിഷ്ടങ്ങളും ബാർബർ ഷോപ്പിലെ മുടി, മദ്യകുപ്പികൾ, വീടുകളിലെയും മറ്റും മാലിന്യങ്ങൾ ചാക്കിലാക്കി തള്ളുന്നുണ്ട്. അഴുകി ദുർഗന്ധം വമിക്കുന്നതോടൊപ്പം പകർച്ചവ്യാധികളും പടരുമോ എന്ന പേടിയിലാണ് പ്രദേശ വാസികൾ. അഴുകി ദുർഗന്ധം വമിക്കുന്നത് കാരണം യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിലായതോടെ ഗ്രാമപഞ്ചായത്തംഗം കെ.ആർ. ജയചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാബിന, വാർഡ് വികസന സമിതി കൺവീനർ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും ചേർന്ന് കഴിഞ്ഞ ദിവസം മാലിന്യങ്ങളും കാടുകളും നീക്കം ചെയ്തു. ഒന്നാം പുഞ്ചയിലെ കുപ്പണ്ണൂർ ഭാഗത്ത് ഇതേപോലെ മാലിന്യം നിക്ഷേപിച്ച സ്ഥലം നാട്ടുകാരും സന്നദ്ധസംഘടകളും ചേർന്ന് പാർക്കിംഗും വിശ്രമ കേന്ദ്രവും സജ്ജമാക്കിയതോടെ ഇവിടെ ഇപ്പോൾ മാലിന്യ നിക്ഷേപമില്ല.