പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് എഴുപതിനായിരത്തോളം വോട്ടുകൾ നീക്കം ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പേര് നീക്കം ചെയ്തതിനെപ്പറ്റിയും തിരുവല്ല ചുമത്ര ഗവ.എൽ.പി സ്കൂളിലെ ബൂത്തിൽ കളളവോട്ടു നടന്നുവെന്ന പരാതിയെപ്പറ്റിയും ജുഡീഷ്യൽ അന്വേഷണം നടത്തണം.
മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും അല്ലാത്ത വോട്ടുകളാണ് പട്ടികയിൽ നിന്ന് നീക്കിയത്. പട്ടികയിൽ നിന്ന് ഒരു പേര് നീക്കണമെങ്കിൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഫോം ഏഴ് ഫയൽ ചെയ്യണം. പേര് മാറ്റുന്ന വ്യക്തിയോട് വിശദീകരണം ആവശ്യപ്പെടണം. ഇതൊന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പാലിച്ചില്ല. സംസ്ഥാന സർക്കാരിന്റെ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് ആസൂത്രിതമായാണ് പേരുകൾ നീക്കം ചെയ്തത്. ബി.എൽ.ഒമാരേപ്പോലും അറിയിക്കാതെയാണ് വെട്ടിനിരത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനു മുമ്പ് ജില്ലാ വരണാധികാരിയായ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. പേര് നീക്കം ചെയ്യപ്പെട്ട നാറാണംമൂഴി ബൂത്തിലെ രാജപ്പനും പത്തനംതിട്ട നഗരസഭയിലെ വോട്ടർ സുൽബിനും വാർത്താസമ്മേളനത്തിന് എത്തിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരാണ് ഇരുവരും.
ചുമത്ര ഗവ. എൽ.പി.സ്കൂളിലെ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ രണ്ടര മണിക്കൂറും മൂന്ന് മണിക്കൂറും വീതമുളള മുറിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് ആന്റോ ആന്റണി പറഞ്ഞു. പിന്നിൽ നിന്നുളള ദൃശ്യങ്ങളിൽ ആളുകളുടെ മുഖം കാണാനില്ല. ഇതിൽ കൃത്രിമം നടന്നു. രാവിലെ എട്ടുമുതൽ വൈകിട്ട് ആറ് വരെയുളള തുടർച്ചയായ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. ചുമത്രയിലെ ബൂത്തുകൾ പ്രശ്നബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു ബൂത്തിൽ മാത്രമാണ് സി.സി.ടി.വി കാമറ സ്ഥാപിച്ചത്. പേര് നീക്കം ചെയ്യലും കളളവോട്ടും തന്റെ വിജയസാദ്ധ്യതയെ ബാധിക്കില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബുജോർജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.