പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ പടരുന്ന എണ്ണപ്പാടയ്ക്ക് കാരണം ശൗചാലയ മാലിന്യമാണെന്നും ആളുകൾ വെളളത്തിൽ ഇറങ്ങരുതെന്നും മലിനീകരണ നിയന്ത്രണ ബോർഡ്. ശൗചാലയ മാലിന്യം വ്യാപകമായി പുഴയിൽ തള്ളിയതായി സംശയിക്കുന്നു. മലീനികരണ നിയന്ത്രണ ബോർഡ് പുഴയിലെ വിവിധ ഭാഗങ്ങളിൽ പഠനം നടത്തി. അച്ചൻകോവിലാറ്റിൽ കോന്നി മുതൽ കല്ലറക്കടവ് വരെയുള്ള ഏകദേശം 15കിലോമീറ്റർ ഭാഗത്താണ് കഴിഞ്ഞ ഒരാഴ്ചയായി എണ്ണപ്പാട കണ്ടുവരുന്നത്. ഇതിൽ കല്ലറക്കടവിലും വലഞ്ചുഴിക്കടവിലും കുമ്പഴ പാലത്തിന് കീഴിലും കറുത്ത നിറത്തിലാണ്.
ഈ ഭാഗങ്ങളിൽ കോളിഫോം അണുക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. 100 മില്ലി ഗ്രാമിൽ നിലവിലുള്ളതിനേക്കാൾ 500മുതൽ 800വരെ കോളിഫോം അണുക്കൾ കൂടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അച്ചൻകോവിലാറ്റിലെ വെള്ളം കുടിയ്ക്കാനും കുളിയ്ക്കാനും ഉപയോഗിക്കാൻ പാടില്ല. വ്യാപകമായി ശൗചാലയ മാലിന്യം തള്ളുകയും ദുർഗന്ധം പരക്കാതിരിക്കാൻ എതെങ്കിലും തരത്തിലുള്ള രാസമിശ്രിതം കലർത്തിയിട്ടുമുണ്ടാകാം. ഇതുകൂടാതെ എന്തെങ്കിലും തരത്തിലുള്ള സ്വഭാവിക പ്രക്രിയയാണോ നിറംമാറ്റത്തിനു പിന്നിലെന്ന് പരിശോധിക്കും. വിശദമായ പഠനറിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ജില്ലാ കളക്ടർക്ക് കൈമാറും. പത്തനംതിട്ട നഗരത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം പമ്പുചെയ്യുന്നത് അച്ചൻകോവിലാറ്റിൽ നിന്നാണ്. കുറേ ദിവസങ്ങളായി പുഴയിൽ കുളിയ്ക്കുന്നവർക്ക് ചൊറിച്ചിലും തടിപ്പും ഉണ്ടാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
.....
'' കോന്നി മുതൽ കല്ലറക്കടവ് വരെ അച്ചൻകോവിലാറിൽ ശൗചാലയ മാലിന്യം തളളിയതായാണ് പ്രാഥമിക നിഗമനം. മറ്റെന്തെങ്കിലും കാരണങ്ങൾ വെളളത്തിന്റെ നിറം മാറ്റത്തിനു പിന്നിലുണ്ടോയെന്ന് പരിശോധിക്കും.
അലക്‌സാണ്ടർ ജോർജ്, ചീഫ് എൻജീനിയർ
മലിനീകരണ നിയന്ത്രണ ബോർഡ്