പന്തളം: ലളിതമായ ചടങ്ങുകളോടെ പന്തളം വലിയ തമ്പുരാട്ടി തന്വംഗി നൂറാം പിറന്നാളാഘോഷിച്ചു. പന്തളം കൊട്ടാരത്തിലെ തലമൂത്ത തമ്പുരാട്ടിയുടെ അനുഗ്രഹം തേടിയെത്തിയവരിൽ കുടുംബാംഗങ്ങളും ഭക്തരും പ്രമുഖ വ്യക്തികളുമുണ്ട്. രണ്ടു ദിവസങ്ങളിലായാണ് കൈപ്പുഴ വടക്കേമുറി കൊട്ടാരത്തിൽ ചടങ്ങ് ഒരുക്കിയിരുന്നത്. കുടുംബാംഗങ്ങളവതരിപ്പിച്ച കലാപരിപാടികളും പാലസ് വെൽഫെയർ സൊസൈറ്റി സമർപ്പണമായി നടത്തിയ ചാക്യാർ കൂത്തും ഗാനവിരുന്നും വീണക്കച്ചേരിയും നടന്നു. തമ്പുരാട്ടിയുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പൂജകളും പിറന്നാൾ സദ്യയും നടത്തി. പന്തളം കൊട്ടാരം വലിയ തമ്പുരാൻ പി. രാമവർമ്മരാജ പിറന്നാളാഘോഷത്തിൽ പങ്കെടുത്തു. കുമ്മനം രാജശേഖരൻ, ശബരിമല തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, വീണാ ജോർജ്ജ്, റിട്ട.ചീഫ് ജസ്റ്റിസ് സി.എസ്.രാജ, എൻ.എസ്.എസ്.ഡയറക്ടർബോർഡംഗം പന്തളം ശിവൻകുട്ടി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, മുൻ എം.എൽ.എ., പി.കെ.കുമാരൻ തുടങ്ങിയവർ തമ്പുരാട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി.