sucheekaranam
ബഥേൽ ജംഗ്ഷനിൽ റിലീഫ് സ്‌കൂളിന് സമീപം മാലിന്യം വൃത്തിയാക്കി പൂന്തോട്ടം നിർമ്മിച്ചപ്പോൾ

ചെങ്ങന്നൂർ: മാലിന്യം നിറഞ്ഞ് മൂക്കുപൊത്തി നടന്നിടത്ത് ഇപ്പോൾ യാത്രക്കാർ കാണുന്നത് പൂന്തോട്ടം. ചെങ്ങന്നൂർ നഗരഹൃദയത്തിലെ ബഥേൽ ജംഗ്ഷനിൽ റിലീഫ് സ്‌കൂളിന് സമീപമുള്ള സ്ഥലമാണ് നഗരസഭ ജീവനക്കാർ ഒരു ദിവസംകൊണ്ട് വൃത്തിയാക്കി പൂച്ചെടികൾ നട്ടുപിടിപ്പിച്ചത്. ഇവിടെ നഗരസഭ നീരീക്ഷണ കാമറയും സ്ഥാപിച്ചു. ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭ വാർഡ് തല സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് നഗരശുചീകരണവും പൂന്തോട്ട നിർമ്മാണവും നടത്തിയത്. നഗരസഭാ തല ഉദഘാടനം ചെയർമാൻ ജോൺ മുളങ്കാട്ടിൽ നിർവഹിച്ചു .വാർഡുകളിൽ കൗൺസിലർ മാരുടെ നേതൃത്വത്തിൽ കുടുംബശ്രീ, ആശാപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ പങ്കെടുച്ച് ഓടകൾ തോടുകൾ റോഡിന് ഇരുവശങ്ങളിലെയും കാടുകൾ എന്നിവ വൃത്തിയാക്കി ഓടകളിലെ മാലിന്യവും മണ്ണും നീക്കം ചെയ്ത് ശുചീകരണം നടത്തിയത്. ശുചീകരണത്തിന്റെ ഭാഗമായി അര ടണ്ണോളം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ചു .ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.

ഗാർഹികതല സർവേ നടത്തും
നഗരസഭയും ജില്ലാ ആശുപത്രിയും സഹകരിച്ച് വീടുകളിൽ ശുചിത്വം സംബന്ധിച്ചു ഗാർഹിക തല സർവേ നടത്തും. ആശാപ്രവർത്തകരുടെ നേതൃത്വത്തിലാണ് സർവേ നടത്തുക. വീടുകളിലെ ശുചീയായ അന്തരീക്ഷം സംബന്ധിച്ച കണക്കെടുപ്പും ബോധവത്ക്കരണവുമാണ് പ്രധാനലക്ഷ്യം. സർവേ നടപടികൾ പൂർത്തിയാകുന്നതോടെ മാലിന്യ സംസ്‌ക്കരണത്തിനാവശ്യമായ ഉപകരണങ്ങൾ നൽകും. ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾക്ക് മുന്നോടിയായാണ് സർവേ നടപടിയെന്ന് നഗരസഭാ ഹെൽത്ത് വിഭാഗം പറഞ്ഞു.