തിരുവല്ല: പമ്പയാറ്റിലെ പുളിക്കീഴ് കടവ് പ്രളയത്തെ തുടർന്ന് മണ്ണ് അടിഞ്ഞുകൂടി ഉപയോഗശൂന്യമായി. നാശോന്മുഖമായ പുളിക്കീഴ് കടവ് നവീകരിക്കണമെന്ന ആവശ്യം ശക്തമായി. തിരുവല്ല - മാവേലിക്കര പാതയിലെ പുളിക്കീഴ് പാലത്തിന് താഴെയുള്ള കുളിക്കടവാണ് അടിഞ്ഞുകൂടിയ മണ്ണും വളർന്നു നിൽക്കുന്ന കാടും മൂലം ഉപയോഗശൂന്യമായി കിടക്കുന്നത്. വേനൽക്കാലങ്ങളിൽ ദിവസേന നൂറുകണക്കിന് ആൾക്കാർ കുളിക്കുന്നതിനും വസ്ത്രങ്ങൾ കഴുകുന്നതിനുമായി ഉപയോഗിച്ച കടവാണിത്. നെടുമ്പ്രം, പെരിങ്ങര, കടപ്ര, നിരണം എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് പ്രധാനമായും ഈ കടവിനെ ആശ്രയിക്കുന്നത്. പ്രളയത്തെ തുടർന്ന് തിട്ട ഇടിഞ്ഞത് മൂലം കടവിലേക്കിറങ്ങുന്നതിന് ബുദ്ധിമുട്ടുകൾ ഏറെയാണ്. പുല്ല് കയറിയതോടെ കടവിൽ ഇഴജന്തുക്കളുടെ ശല്യവും ഏറിയിട്ടുണ്ട്. കടവിനോട് ചേർന്നുള്ള വഴിയിൽ തെരുവ് വിളക്ക് കത്താത്തത് സന്ധ്യയ്ക്ക് ശേഷം കുളിക്കാൻ എത്തുന്നവർക്ക് ദുരിതം സൃഷ്ടിക്കുന്നു. കടവിനോട് ചേർന്ന ഭാഗങ്ങളിൽ മണൽ വാരൽ മൂലമുണ്ടായ വൻ കയങ്ങൾ കുളിക്കാനെത്തുന്നവർക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്. കടവിന്റെ ഇരുവശവും സംരക്ഷണഭിത്തി നിർമ്മിച്ച് കൽപ്പടവുകൾ കെട്ടി ജനങ്ങൾക്ക് ഉപയോഗപ്രദമാക്കാനുള്ള നടപടി സ്വീകരിക്കുവാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.