തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് പ്രശസ്ത സംഗീതോപാസക ഡോ.കവിയൂർ രേവമ്മയുടെ പേര് നല്കി ആദരിക്കണമെന്ന് തപസ്യ കലാ സാഹിത്യ വേദി ആവശ്യപ്പെട്ടു. രേവനാദം എന്ന കവിയൂർ രേവമ്മ അനുസ്മരണ യോഗത്തിലാണ് ആവശ്യമുയർന്നത്. കലാരംഗത്ത് കവിയൂരിന്റെ നാമം ലോകത്തിന് മുമ്പിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് ഡോ. കവിയൂർ രേവമ്മ എന്ന കലാകാരിയിലൂടെയാണെന്നത് അഭിമാനാർഹമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ തപസ്യ സംസ്ഥാന സെക്രട്ടറി ശിവകുമാർ അമൃതകല പറഞ്ഞു. തപസ്യ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നടന്ന രേവമ്മ സ്മൃതി സംഗീത സംവിധായകൻ രവിന്ദ്രൻ തിരുവല്ല ഉദ്ഘാടനം ചെയ്തു. യുവ ചലച്ചിത്രസംഗീത സംവിധായകൻ വിനു തോമസ് മുഖ്യാതിഥി ആയിരുന്നു. മേഖല സെക്രട്ടറി ഉണ്ണികൃഷ്ണൻ വസുദേവം ആമുഖപ്രസംഗം നടത്തി. 2019 ഒക്ടോബർ എട്ടിന് വിജയദശമി നാളിൽ
കവിയൂർ രേവമ്മയുടെ സ്മരണയ്ക്കായി സംഗീതോത്സവം നടത്തുന്നതിന്റെ വിളംബരം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ് നിർവഹിച്ചു. താലൂക്ക് സമിതികാര്യാദ്യക്ഷൻ എം.ആർ.സതീശ് അദ്ധ്യക്ഷത വഹിച്ചു. തൃക്കവിയൂർ മഹാദേവക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, തപസ്യ ജില്ലാ സെക്രട്ടി സന്തോഷ് സദാശിവമഠം, എസ്.എൻ.ഡി.പി യോഗം കവിയൂർ ശാഖാ പ്രസിഡന്റ് എം.ജെ. മഹേശൻ, തപസ്യതാലൂക്ക് സെക്രട്ടറി സുമേഷ് കുമാർ, വൈസ് പ്രസിഡന്റ് പ്രഭ സതീഷ് എന്നിവർ പ്രസംഗിച്ചു.ആർ.എൽ.വി.സനോജിന്റെ ഗാനാർച്ചനയും നടന്നു.