പത്തനംതിട്ട: കൊടുമൺ ഗ്രാമപഞ്ചായത്തും കൃഷിഭവനും ഫാർമേഴ്‌സ് സൊസൈറ്റിയും ചേർന്ന് ഉൽപ്പാദിപ്പിച്ച കൊടുമൺ റൈസ് വിപണിയിലേക്ക്. ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചിങ്ങത്തിൽ 260 ഏക്കറിലെ കൃഷിയിൽ നിന്നാണ് അരി ഉദ്പാദിപ്പിച്ചത്. നാല് ലക്ഷത്തിൽപ്പരം കിലോ നെല്ല് ലഭിച്ചു. സർക്കാർ നിശ്ചയിച്ച 25.30രൂപ നിരക്കിൽ കർഷകർക്ക് നൽകി സംഭരിച്ചു. 220 കർഷകരായിരുന്നു കൃഷിക്കുണ്ടായിരുന്നത്. അധികമുള്ള നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷന് നൽകി. കോട്ടയം ഓയിൽപാം ഇന്ത്യ മില്ലിൽ തവിട് പൂർണ്ണമായും നീക്കം ചെയ്യാതെയാണ് അരി കുത്തിയെടുത്തത്. ഉമ, ജ്യോതി, ശ്രേയസ് എന്നീ ഇനം അരിയാണ് വിപണനത്തിനുളളത്. ഔഷധമൂല്യമുള്ള രക്തശാലി, ഞവര അരിയും ഉൽപ്പാദിപ്പിക്കുന്നുണ്ട്. കുറഞ്ഞ അളവിൽ രാസവളം ചേർത്ത് കീടനാശിനി പൂർണ്ണമായും ഒഴിവാക്കിയായിരുന്നു കൃഷി. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് ചെലവുകൾക്കുള്ള പണം കണ്ടെത്തിയത്. കിലോക്ക് 55 രൂപയ്ക്ക് കൊടുമൺ ഇക്കോഷോപ്പിലൂടെയാണ് അരി വിതരണം. സ്വന്തമായി നെല്ലുകുത്ത് മിൽ ആരംഭിച്ച് ഉൽപ്പാദനവും വിതരണവും വിപുലമാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. പഞ്ചായത്തിലെ വീടുകളിൽ കൊടുമൺ റൈസ് എത്തിക്കും. അരി വിപണനത്തോടനുബന്ധിച്ചുളള പൊതുസമ്മേളനം ഇന്ന് രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് യു.പി സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും. ഉത്തമ ഭക്ഷണ രീതികളെക്കുറിച്ച് ബാലകൃഷ്ണ സ്വാമി പ്രഭാഷണം നടത്തും. അഡ്വ.സി. പ്രകാശ് മോഡറേറ്ററായിരിക്കും. വൈകിട്ട് നാലിന് യോഗ പ്രദർശനവും ആർട്ടിസ്റ്റിക് യോഗഡാൻസും. 4.30ന് റൈസ് വിപണന ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രി മുഖ്യാതിഥിയാകുന്നത്. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആദ്യവിൽപ്പന വീണാ ജോർജ്ജ് എം.എൽ.എ നിർവ്വഹിക്കും. ഇക്കോഷോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ബി രാജീവ്കുമാർ നിർവ്വഹിക്കും. മികച്ച കർഷകരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞും ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ ടി.കെ റോയിയും ചേർന് ആദരിക്കും. ഫാർമേഴ്‌സ് സൊസൈറ്റി പ്രവർത്തന റിപ്പോർട്ട് കൊടുമൺ ഗോപിനാഥൻനായർ പ്രകാശനം ചെയ്യും. കെ.പി ഉദയഭാനു, എ.പി ജയൻ, ബാബു ജോർജ്ജ് തുടങ്ങിയവർ പ്രസംഗിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ, ഫാർമേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എ.എൻ സലിം, കൃഷി അസി.ഡയറക്ടർ കെ.വി സുരേഷ്, കൃഷി ഓഫീസർ എസ്.ആദില എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.