പത്തനംതിട്ട: പെൻഷൻ നൽകാതെ അധികൃതരും തഴഞ്ഞെങ്കിലും മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ കാരുണ്യത്തിൽ കഴിയുകയാണ് രാജമ്മ. ലഭിച്ചുകൊണ്ടിരുന്ന വിധവാ പെൻഷൻ പുനസ്ഥാപിച്ചു കിട്ടാൻ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് നാരങ്ങാനം സ്വദേശിയായ ഇൗ എൺപത്തിയഞ്ചുകാരി. മൂന്ന് വർഷം മുമ്പ് നാരങ്ങാനം ജംഗ്ഷനിലെ കടവരാന്തയിൽ അനാഥയായി കിടന്ന രാജമ്മയെ സുമനുസകളാണ് അന്ന് മഹാത്മയിലെത്തിച്ചത്. നാരങ്ങാനം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ തേപ്പുകല്ലുങ്കൽ മുറിയിൽ രാജമ്മയെ മകൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ്. അവിടെ നിന്നെത്തി കടവരാന്തയിൽ തളർന്നു കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ കോഴഞ്ചേരി ഗവ. ആശുപത്രിയിലാക്കി. വിവരമറിഞ്ഞ് മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയും സി.വിചന്ദ്രനും ആശുപത്രിയിലെത്തിയെങ്കിലും രാജമ്മയെ കാണാനില്ലായിരുന്നു. ആശുപത്രി അധികൃതർക്കും വിവരമില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ രാജമ്മയെ തിരികെ കൊണ്ടുപോയതായി കണ്ടെത്തിയത്.
അമ്മയെ ദ്രോഹിച്ച മകനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസിനോട് തന്റെ മകനെ ഒന്നും ചെയ്യരുതേ എന്നായിരുന്നു രാജമ്മയുടെ അഭ്യർത്ഥന.
മഹാത്മയിൽ സന്തോഷത്തോടെ കഴിയുന്നുണ്ടെങ്കിലും തന്റെ പെൻഷൻ ലഭിക്കാത്തതിലാണ് രാജമ്മയുടെ സങ്കടം. നാരങ്ങാനം പഞ്ചായത്ത് നൽകിക്കൊണ്ടിരുന്ന പെൻഷൻ അവർ തടയുകയായിരുന്നു. പലതവണ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അധികൃതരുടെ കനിവ് കാത്തുകഴിയുകയാണ് ഇൗ വയോധിക.