പത്തനംതിട്ട : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ എട്ട് വയസുകാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. മൈസൂർ സ്വദേശി അംബരീഷിന്റെ മകൻ ചിരാതിനാണ് ചൊവ്വാഴ്ച രാത്രി മരക്കൂട്ടത്തിന് സമീപം പന്നിയുടെ കുത്തേറ്റത്. മൈസൂർ സ്വദേശികളായ തീർത്ഥാടക സംഘത്തിനൊപ്പം നടന്നുനീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി പാഞ്ഞുവന്ന കാട്ടുപന്നി കുട്ടിയെ ആക്രമിച്ചത്. പന്നിയുടെ കടിയേറ്റിട്ടുണ്ട്. ഉടൻതന്നെ മറ്റ് തീർത്ഥാടകർ പന്നിയെ തുരത്തിയ ശേഷം കുട്ടിയെ പമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാട്ടിലേക്ക് മടങ്ങി പോകണമെന്ന് നിർബന്ധം പിടിച്ചതിനാൽ സമ്മതപത്രം എഴുതിവാങ്ങി ഡിസ്ചാർജ്നൽകി.