സീതത്തോട്: പ്രളയദുരന്തത്തിൽ നിന്ന് കരകയറാതെ മലയോര നാട്. മല പിളർന്നെത്തിയ ഉരുൾപാെട്ടലിൽ വീട് തകർന്നവരുടെയും ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെയും കണ്ണുകൾ തോർന്നിട്ടില്ല. വാടക വീടുകളിലും ബന്ധുവീടുകളിലും ആഗസ്റ്റിലെ ഭീതിനിറഞ്ഞ ഒാർമ്മകളുമായി കഴിയുകയാണവർ. മരണം സംഭവിച്ചതിനുളള നാല് ലക്ഷം രൂപ നൽകിയതൊഴിച്ചാൽ സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളൊന്നും എട്ടുമാസം പിന്നിട്ടിട്ടും ഇവിടേക്ക് എത്തിയിട്ടില്ല. വഞ്ചിക്കപ്പെട്ടെന്ന തോന്നലും നിസഹായതയുമാണ് ദുരന്തത്തിനിരയായവരുടെ മുഖത്ത്. ഒരു ജൻമം മുഴുവൻ സമ്പാദിച്ചതെല്ലാം അപ്രത്യക്ഷമായതിന്റെ വേദന. കയ്യും കാലും ഒടിഞ്ഞ് ഇനി ഒരു ജോലിയും ചെയ്യാനാവാതെ പോയതിന്റെ പ്രയാസത്തോടെ കഴിയുന്നവർ നിരവധിയുണ്ട് സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ.
സീതത്തോട്ടിൽ നിന്ന് ഗുരുനാഥൻമണ്ണിലേക്ക് കയറ്റമേറുന്നത് ഉരുൾപൊട്ടലിന്റെ ദുരന്തക്കാഴ്ചകളിലൂടെയാണ്.
ഒാർമ്മകളിൽ നടുങ്ങി സുരേന്ദ്രൻ
മുണ്ടൻപാറയിൽ അടുത്തടുത്ത രണ്ടു വീടുകളിലേക്കാണ് ഭീമൻപാറകളും മരങ്ങളും ചെളിയും വന്നു പതിച്ചത്. അർക്കവിലാസം വീട്ടിൽ സുരേന്ദ്രനും ഭാര്യ രാജമ്മയും സുരേന്ദ്രന്റെ കൂട്ടുകാരന്റെ മകൻ പ്രദീപും മഴ കണ്ടിരിക്കുകയായിരുന്നു. വീടിന്റെ പിന്നിലെ മല അപ്പാടെ ഇരമ്പലോടെ നീങ്ങിവരുന്നതു കണ്ട സുരേന്ദ്രൻ രാജമ്മയേയും പ്രദീപിനെയും വീടിനു പുറത്തേക്കു തളളിക്കൊണ്ട് ഒാടി. മൂന്നു മണിക്കൂറിനുശേഷം പാറകളുടെയും മരങ്ങളുടെയും ഇടയിൽ കഴുത്തിനു മുകളിൽ വരെ ചെളി നിറഞ്ഞ് ബോധം നശിച്ച നിലയിൽ കിടക്കുന്ന സുരേന്ദ്രനെയാണ് നാട്ടുകാർ കണ്ടത്. മൂന്നാം ദിവസം രാജമ്മയുടെയും പ്രദീപിന്റെയും മൃതശരീരങ്ങൾ മണ്ണിനടിയിൽ നിന്ന് കോരിയെടുത്തു.
കയ്യും കാലും ഒടിഞ്ഞ് പതിനെട്ടു ദിവസം ആശുപത്രിയിൽ കിടന്നശേഷം നാട്ടിലെത്തിയ സുരേന്ദ്രൻ വീടുനിന്ന സ്ഥലത്ത് കണ്ടത് ഉരുളൻ പാറകളും ചെളിമണ്ണുമാണ്. തിരിച്ചെടുക്കാൻ ഉടുതുണി പോലുമുണ്ടായിരുന്നില്ല. സുരേന്ദ്രനെ കാണാൻ ജനപ്രതിനിധികളും ജില്ലാ കളക്ടറും എത്തി. കളക്ടറുടെ നിർദേശപ്രകാരം സീതത്തോട്ടിലെ വാടക വീട്ടിലേക്കു സുരേന്ദ്രൻ മാറിത്താമസിച്ചു. വാടക റവന്യു വകുപ്പിൽ നിന്ന് തരാമെന്ന് കളക്ടർ ഉറപ്പു നൽകിയിരുന്നതായി സുരേന്ദ്രൻ പറഞ്ഞു. അഞ്ചുമാസമായിട്ടും വാടക അനുവദിച്ചു കിട്ടിയില്ല. ഒടുവിൽ സുരേന്ദ്രൻ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് വാടക കൊടുത്ത് വീടൊഴിഞ്ഞു. ബന്ധുവീട്ടിലാണ് ഇപ്പോൾ താമസം. വീടു തകർന്നവർക്ക് സ്ഥലവും പുതിയ വീടും നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രന് മാത്രമല്ല, സീതത്തോട്ടിലും ചിറ്റാറിലെ വയ്യാറ്റുപുഴയിലും വീട് തകർന്നവർക്ക് പകരം വീട് കിട്ടിയില്ല.
'' അന്ന് എല്ലാവരും വന്നു കണ്ടു. വാടകയ്ക്കൊരു വീടെടുത്തു താമസിച്ചോളൂ, പണം റവന്യു വകുപ്പിൽ നിന്ന് തരാമെന്ന് ജില്ളാ കളക്ടർ പറഞ്ഞിരുന്നു. പണം കിട്ടിയില്ളെന്നു മാത്രമല്ല ആരും തിരിഞ്ഞു നോക്കുന്നുമില്ല. ഒരു നേരത്തെ ആഹാരം കഴിച്ചോ എന്നു പോലും ആരും അന്വേഷിച്ചു വരുന്നില്ല. വീണ്ടും ഉരുൾപൊട്ടലുണ്ടായാൽ ഇനിയും വലിയ ദുരന്തമുണ്ടാകും. ഞങ്ങൾ ഇവിടെ കിടന്നു മരിച്ചോളാം "- സുരേന്ദ്രന്റെ ദു:ഖവും രോഷവും അണപൊട്ടി.
സുരേന്ദ്രന്റെ വീടിന്റെ തൊട്ടടുത്തായുളള കാലായിൽ മണിയന്റെ വീടും ഉരുളിൽ തകർന്നു. മണിയനും കുടുംബവും ബന്ധുവീട്ടിലായിരുന്നതിനാൽ ജീവാപായം ഒഴിവായി. വീട് തകർന്നവർക്കുളള നഷ്ടപരിഹാരം മണിയനും കിട്ടിയില്ല.
സഹായം ഫയലിൽ മാത്രം
സീതത്തോട് ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ആയിരത്തോളം ആളുകളെയാണ് മാറ്റിത്താമസിപ്പിച്ചത്. പ്രളയം ബാധിച്ചവർക്കുളള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആശ്വാസ സഹായമായ പതിനായിരം രൂപ വീതം മിക്കവർക്കും ലഭിച്ചു. അതോടെ കഴിഞ്ഞു മലയോര മേഖലയിൽ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ.
വീടു തകർന്നവർക്കും കൃഷി നശിച്ചവർക്കും നഷ്ടപരിഹാരം നേടിക്കൊടുക്കാൻ മുന്നിട്ടിറങ്ങിയ ആളാണ് പ്രദേശവാസിയും ജെ.എസ്.എസ് ജില്ലാ സെക്രട്ടറിയുമായ സീതത്തോട് മോഹനൻ. കൃഷിഭവനിൽ നിന്നും വില്ലേജ് ഒാഫീസിൽ നിന്നും നഷ്ടത്തിന്റെ കണക്കെടുക്കാൻ ഉദ്യോഗസ്ഥർ എത്തിയതല്ലാതെ ആർക്കും നയാപൈസ കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സീതത്തോട് പഞ്ചായത്തിൽ മാത്രം പതിനേഴ് ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തുവെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ കണക്ക്. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ നഷ്‌ടപരിഹാരം നൽകിയത് സീതത്തോട്ടിലാണെന്ന് അധികൃതർ പറയുന്നു. എന്നാൽ, സീതത്തോട് മോഹനൻ, പ്രദേശവാസികളായ പുന്നനിൽക്കുന്നതിൽ ദിനേശൻ, മേപ്പാട്ടുതറയിൽ രവീന്ദ്രൻ, കടലാടിത്തുണ്ടിൽ പ്രസാദ് തുടങ്ങിയവരെല്ലാം നഷ്ടപരിഹാരം കിട്ടാത്തവരാണ്.
സീതത്തോട്ടിലെയും ചിറ്റാറിലെയും നിരവധിയാളുകളുടെ കൃഷി സ്ഥലങ്ങൾ ഉരുൾപൊട്ടലിലും മലവെളളപ്പാച്ചിലിലും ഒലിച്ചു പോയിട്ടുണ്ട്. കൃഷി ഉപജീവനമാക്കിയ പലരും നഷ്ടപരിഹാരത്തിനു കാത്തുനിൽക്കാതെ വീണ്ടും ആ വഴിയിലേക്കു തിരിഞ്ഞിട്ടുണ്ട്. പക്ഷേ, ഒാരോ മഴ വരുമ്പോഴും അവരുടെ മനസിൽ തീയാണ്.
>>>>
വാഗ്ദാനം മാത്രമായി വീട്
ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങരവാലിയിൽ മണ്ണിൽ വീട്ടിൽ രാജനും രമണിയും ഉരുൾപൊട്ടലിൽ വീട് തകർന്ന് മരണപ്പെട്ടിരുന്നു. അന്ന് ജോലി സ്ഥലത്തും ബന്ധുവീടുകളിലുമായിരുന്ന മക്കൾ ലിബിയയും സോജുവുമാണ് ഇനിയുളളത്. രണ്ടുപേർ മരിച്ചതിനു എട്ട് ലക്ഷം രൂപ ലഭിച്ചു.
വീണ്ടും ഉരുൾ പൊട്ടാൻ സാദ്ധ്യത ഉള്ളതിനാൽ പുതിയ സ്ഥലം കണ്ടെത്തി വീടു വച്ച് നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്. നിരവധി ഓഫീസുകൾ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടായിട്ടില്ല. കുളങ്ങരവാലിയിൽ രമണിയുടെ സഹോദരിയുടെ വീട്ടിലാണ് ലിബിയയും സോജുവും ഇപ്പോൾ താമസിക്കുന്നത്.
>>>>
റോഡുകൾ തകർന്നു തന്നെ
പ്രളയദുരന്തത്തിൽ തകർന്ന സീതത്തോട് പഞ്ചായത്തിലെ റോഡുകളുടെ പുനർനിർമ്മാണം നടന്നില്ല. ഉരുളിലും മലവെളളപ്പാച്ചിലിലും തകർന്ന സീതത്തോട് - ഗുരുനാഥൻമണ്ണ് റോഡിലൂടെ നടന്നു പോകാൻ തന്നെ പ്രയാസമാണ്. മുണ്ടൻപാറ മുതൽ സീതത്തോടു വരെയുളള ഭാഗത്തെ സ്ഥിതി ദയനീയമാണ്. റോഡിലെ ടാർ ഒലിച്ചുപോയ ശേഷം തെളിഞ്ഞുനിൽക്കുന്ന ഉരുളൻ കല്ലുകളിൽ വാഹനങ്ങളുടെ അടിവശം ഇടിക്കുന്നു. വലതുവശത്തെ താഴ്ചയിലേക്ക് പലയിടത്തും റോഡ് ഇടിഞ്ഞു പോയിട്ടുണ്ട്. റോഡിൽ കഷ്ടിച്ച് ഒരു ബസിനു പോകാനുളള വീതിമാത്രം. മുണ്ടൻപാറ ട്രൈബൽ യു.പി സ്കൂളിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുമാറിയ നിലയിലാണ്. ഇവിടെ അപകട ഭീഷണിയുണ്ട്. സീതത്തോട്ടിൽ നിന്ന് ഇടതുകര വഴിയും വലതുകര വഴിയുമുളള റോഡുകൾ ഒന്നാകുന്നത് മുണ്ടൻപാറയിലാണ്. ഇവിടെയാണ് ഉരുൾപൊട്ടൽ വ്യാപക നാശം വിതച്ചത്.
സീതത്തോട്ടിൽ നിന്ന് ഗുരുനാഥൻമണ്ണിലേക്ക് ഏഴ് കിലോമിറ്ററിലേറെ ദൂരമുണ്ട്. മലയിടിഞ്ഞ് പലയിടത്തും റോഡ് അപ്രത്യക്ഷമായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് വീണ്ടെടുത്തപ്പോൾ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. സീതത്തോട്ടിൽ നിന്ന് മൂന്ന് ബസുകൾ ഗുരുനാഥൻ മണ്ണിലേക്ക് സർവീസ് നടത്തുന്നത് അപകടഭീതി വിതച്ചാണ്.
...
''സീതത്തോട്ടിലും ചിറ്റാറിലും കൃഷിനാശം നേരിട്ടവർക്ക് സഹായം നൽകിയിട്ടുണ്ട്. കൃത്യമായ കണക്ക് പിന്നീട് നൽകാം.
കൃഷി വകുപ്പ് അധികൃതർ.
...
നിയമസഭയിൽ ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല : അടൂർ പ്രകാശ് എം.എൽ.എ
സീതത്തോട്ടിലെയും ചിറ്റാർ വയ്യാറ്റുപുഴയിലെയും ഉരുൾപ്പൊട്ടലിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ല. കൃഷി നശിച്ചവർക്കും സഹായം ലഭിച്ചില്ല. താൻ നിയമസഭയിലുണ്ടെങ്കിൽ വീണ്ടും വിഷയം ഉന്നയിക്കും.