bus
അടൂർ - മണിപ്പാൽ റൂട്ടിൽ സർവ്വീസ് നടത്തുന്നതിനുള്ള സൂപ്പർ ഡീലക്സ് എയർ ബസ്

അടൂർ: ദീർഘകാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അടൂർ കെ. എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്ന് ഇന്റർസ്റ്റേറ്റ് സർവീസിന് അനുമതി. ലാഭകരമല്ലെന്ന കാരണത്താൽ നിറുത്തലാക്കിയ തിരുവനന്തപുരം - മണിപ്പാൽ സർവീസാണ് അടൂരിൽ നിന്ന് ആരംഭിക്കുന്നത്. എല്ലാ സീറ്റുകളിലും മൊബൈൽ ചാർജ്ജിംഗ് സംവിധാനമുള്ള സെമി സ്ളീപ്പർ സൂപ്പർ ഡീലക്സ് എയർ ബസായിരിക്കും സർവീസ് നടത്തുക. കഴിഞ്ഞ രണ്ട് വർഷമായി ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. സർവീസ് ആരംഭിക്കേണ്ട സമയവും ലാഭകരമാകുമെന്ന റിപ്പോർട്ടും നേരത്തെ നൽകിയിരുന്നെങ്കിലും ഇത് മുഖവിലയ്ക്കെടുക്കാൻ ചില ഉന്നത ഉദ്യോഗസ്ഥർ തയ്യാറല്ലായിരുന്നു.

വ്യാഴാഴ്ച കെ. എസ്. ആർ. ടി. സി എം. ഡി യുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ഇൗ സർവീസ് കൊട്ടാരക്കര ഡിപ്പോയ്ക്ക് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. വിവരം അറിഞ്ഞ ചിറ്റയം ഗോപകുമാർ എം. എൽ. എ ഇന്നലെ വിഷയം മന്ത്രി എ. കെ.ശശീന്ദ്രന്റെയും എം. ഡി യുടേയും ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ഡയറക്ടർ സി. എം. ശിവരാമനും ശക്തമായ നിലപാട് സ്വീകരിച്ചതോടെ അടൂർ ഡിപ്പോയിലേക്ക് മാറ്റാൻ കെ. എസ്. ആർ. ടി. സി എക്സിക്യൂട്ടീവ് ഡയറക്ടർ ഇന്നലെ തിരുത്തി പുതിയ ഉത്തരവിറക്കുകയായിരുന്നു. ഇതോടെ അടൂർ ഡിപ്പോയിൽ നിന്ന് മറ്റൊരു അന്തർ സംസ്ഥാന സർവീസ് കൂടിയായി. രണ്ട് വർഷം മുമ്പ് ഒാണക്കാല തിരക്ക് പരിഗണിച്ച് താത്കാലികമായി സർവീസ് നടത്തിയ അടൂർ - ബാംഗ്ളൂരായിരുന്നു മറ്റൊരു അന്തർ സംസ്ഥാന സർവീസ്.

റൂട്ട്

അടൂരിൽ നിന്ന് പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം, ഉടുപ്പി വഴി മണിപ്പാൽ.

സമയക്രമം

ഉച്ചയ്ക്ക് 2.30 ന് അടൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 5.30 ന് മണിപ്പാലിലും വൈകിട്ട് 5.30 ന് മണിപ്പാലിൽ നിന്ന് പുറപ്പെട്ട് 7 ന് മംഗലാപുരത്തും പിറ്റേദിവസം രാവിലെ 7.30 ന് അടൂരിലും തിരിച്ചെത്തത്തക്കവിധമായിരുന്നു ഷെഡ്യൂൾ തയ്യാറാക്കി സമർപ്പിച്ചിരുന്നത്. സമയത്തിൽ മാറ്റം വന്നേക്കാം

പ്രയോജനം

മംഗലാപുരം, ഉടുപ്പി, മണിപ്പാൽ എന്നിവിടങ്ങളിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മംഗലാപുരത്തുനിന്ന് തെക്കോട്ടുള്ള എല്ലാ ട്രെയിനുകളും പുറപ്പെട്ടശേഷമുള്ള സർവീസ് എന്ന നിലയിൽ മറ്റ് യാത്രക്കാർക്കും ഇത് ഏറെ പ്രയോജനപ്രദമാകും.