old-food

തിരുവല്ല : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. ഇന്നലെ രണ്ട് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. മുത്തൂർ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന അപർണ, ധന്യ ,എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. അപർണയിൽ നിന്ന് മീൻ കറിയും ധന്യയിൽ നിന്ന് ചോറും പുളിശേരിയും പഴകിയ എണ്ണയുമാണ് പിടിച്ചത്. ഭക്ഷണ സാധനങ്ങൾ എല്ലാം ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഹോട്ടൽ ഉടമകളിൽ നിന്ന് 2000 രൂപ വീതം പിഴയീടാക്കി. മഴുവങ്ങാട് പ്രവർത്തിക്കുന്ന ബാർബി ക്യൂ ഹോട്ടലിൽ നിന്ന് വ്യാഴാഴ്ച പഴകിയ ഭക്ഷ്യ വസ്തുക്കൾ ആരോഗ്യ വിഭാഗം പിടിച്ചെടുത്തിരുന്നു. ഒട്ടുമിക്ക ഹോട്ടലുകളിലും പഴകിയ എണ്ണയുടെ ഉപയോഗം ഏറുന്നതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ കെ ശ്രീകുമാർ , എച്ച്.ഐ മാരായ എ.ബി ഷാജഹാൻ, അജി എസ് കുമാർ, ജെ.എച്ച് ഐമാരായ ദേവസേനൻ, സമന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ തട്ടുകടകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ഗുരുതര വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എസ് ബിജു പറഞ്ഞു.