സർക്കാർ ഭൂമിയിലെ മണ്ണും കടത്തി

ചെങ്ങന്നൂർ: താലൂക്കിൽ മണ്ണ് മാഫിയ പിടിമുറുക്കിയിട്ടും പൊലീസ് നിഷ്ക്രിയമാകുന്നതിന് പിന്നിൽ സാമ്പത്തിക സ്വാധീനവും ഭരണപക്ഷത്തെ ഒരു വിഭാഗത്തിന്റെ ഒത്താശയുമെന്ന് ആക്ഷേപം. രാപകൽ വ്യത്യാസമില്ലാതെ വ്യാപകമായി കുന്നുകളിടിച്ച് വയലുകളും തണ്ണീർത്തടങ്ങളും നികത്തിയിട്ടും പൊലീസ് നിഷ്ക്രിയരാണ്. കണക്കിൽപ്പെടാത്ത പണം വെളിപ്പിക്കാൻ മണ്ണ് മാഫിയാ സംഘങ്ങൾ ഇടനിലക്കാരായി പ്രവർത്തിക്കുന്നതായും വിവരമുണ്ട്. മണ്ണെടുപ്പിനെതിരെ ഭരണപക്ഷത്തെ പ്രമുഖ കക്ഷികൾ തമ്മിൽ കൊമ്പുകോർക്കുകയും പൊലീസ് ഒരു വിഭാഗത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ അന്വേഷണം ഉണ്ടായില്ല. താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മണ്ണാണ് ദിനംപ്രതി ടിപ്പറുകളിലും ടോറസ് ലോറികളിലും കടത്തുന്നത്. മുളക്കുഴ, കൊഴുവല്ലൂർ, വെൺമണി, ആലാ തുടങ്ങിയ പ്രദേശങ്ങളിലാണ് മണ്ണ് ഖനനം വ്യാപകം.


കള്ളപ്പണം വെളുപ്പിക്കാൻ പ്രത്യേക പാക്കേജ്

കണക്കിൽപ്പെടാത്ത പണം ഉളളവർ സമീപിച്ചാൽ മണ്ണു മാഫിയാ സംഘം പണം വെളിപ്പിച്ച് നൽകും. ഇതിനായി പ്രത്യേക പാക്കേജ് ആണ് ഇവർ ആവശ്യക്കാർക്ക് നൽകുന്നത്. ഇതിനായി പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും ഇവർതന്നെ കണ്ടെത്തുകയും ഇത് മണ്ണടിച്ചു നികത്തി കരഭൂമി ആക്കി നൽകുകയുമാണ് ചെയ്യുന്നത്. ഈ പദ്ധതി ഇരു കൂട്ടർക്കും ലാഭകരമാണ്. കുറഞ്ഞ തുകയ്ക്ക് വാങ്ങുന്ന ഭൂമി നികത്തിയെടുക്കുന്നതോടെ രണ്ടിരട്ടിയിലധികം വിലയാണ് വസ്തുവിന് ലഭിക്കുന്നത്. ഇത് ചെറിയ ഫ്ളോട്ടുകളാക്കി വീടു വിൽക്കാൻ ആവശ്യമുളളവർക്ക് വില്പന നടത്തുകയും ചെയ്യും. ഇങ്ങനെ വസ്തു വിൽക്കുമ്പോൾ യാഥാർത്ഥ വിലയേക്കാൾ കൂടുതൽ തുക രേഖകളിൽ കാണിക്കുകയും ചെയ്യും. ഇത്തരം ഇടപാടുകൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കും നൽകും ഒരു വിഹിതം.

സർക്കാർ പുറമ്പോക്കിലെ മണ്ണും കടത്തി

ചെങ്ങന്നൂർ ഐ.ടി.ഐ കവലയ്ക്ക് സമീപമുള്ള റവന്യു പുറമ്പോക്കിൽ നിന്ന് വൻ തോതിൽ മണ്ണ് കടത്തി. താലൂക്കിൽ നിർമ്മിക്കാനുള്ള ഗവ. ആയുർവേദ ആശുപത്രിക്കായി അനുവദിച്ച സ്ഥലത്ത് നിന്നാണ് മണ്ണ് കടത്തിയത്. ഇവിടെ നിന്ന് പാറയും വലിയ തോതിൽ പൊട്ടിച്ചു നീക്കിയിട്ടുണ്ട്. ചെങ്ങന്നൂർ നഗരസഭാ പരിധിയിൽ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഭൂമിയിലാണ് മണ്ണെടുപ്പ് നടന്നത്. രേഖകൾ പ്രകാരം റവന്യു പുറമ്പോക്കിലെ മണ്ണെടുക്കാൻ അനുമതി നൽകിയത് ഒരു വർഷം മുൻപാണ്. 2018ൽ പാസ് നൽകിയ സമയത്ത് ആയിരം ക്യുബിക് മീറ്റർ മണ്ണ് നീക്കാനായിരുന്നു അനുമതി.

മണ്ണെടുക്കാൻ അനുമതിവേണം

ഗവ. ആവശ്യങ്ങൾക്ക് മണ്ണെടുക്കാൻ അനുമതി ആവശ്യമില്ലെന്നത് തെറ്റാണെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ നേരിട്ടാണ് പ്രവൃത്തി നടത്തുന്നതെങ്കിൽ അനുമതി ആവശ്യമില്ല. അതേസമം കരാറുകാരൻ മുഖേന ആണ് പ്രവൃത്തിയെങ്കിൽ സ്ഥലപരിശോധന നടത്തി മുൻകൂർ പണം അടച്ച്
അനുമതി വാങ്ങണം. പൊതുമരാമത്ത് വകുപ്പിന്റേത് അടക്കം എല്ലാ പ്രവൃത്തിയും സ്വകാര്യകരാറാണ് നൽകുന്നത്.