nellu

കോഴഞ്ചേരി: അയിരൂർ പാടശേഖരത്ത് കൊയ്യാനാളില്ലാതെ നെൽകൃഷി നശിച്ചു. പത്ത് ഏക്കറോളം വരുന്ന പാടശേഖരത്ത് വലിയതോതിൽ വിളഞ്ഞു കിടന്ന നെല്ലാണ് നശിച്ചുപോയത്.

കൃഷി ചെയ്യാതെ ചതുപ്പായി മാറിയ പാടശേഖരമാണ് അയിരൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പാടശേഖരസമിതിയുടെയും സംയുക്തശ്രമഫലമായി കൃഷിക്ക് ഉപയോഗപ്രദമാക്കിയത്. തോടുകൾ പുനരുജ്ജീവിപ്പിക്കുകയും പുതിയ നീർച്ചാലുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഭൂവുടമകളുടെയും കർഷകരുടെയും നിരവധി യോഗങ്ങൾ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്താണ് ചതുപ്പുനിലം കൃഷിക്ക് അനുയോജ്യമാക്കി മാറ്റുക എന്ന കടമ്പ വിജയകരമായി കടന്നത്. തുടർന്ന് പാടശേഖര സമിതി പുനരുജ്ജീവിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ നെല്ല് വിതച്ചെങ്കിലും പ്രളയത്തിൽ വിളവ് നഷ്ടപ്പെട്ടു. പിന്നീട് ചുമതല ഏറ്റെടുത്ത കൃഷി ഓഫീസർ വീണ്ടും വിളവിറക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. അയിരൂരിലെ കർഷകർ നെൽക്കൃഷി ചെയ്യാൻ വിസമ്മതിപ്പോൾ പാടശേഖരസമിതിയും കൃഷിഭവനും ചേർന്ന് കുട്ടനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കർഷകസംഘത്തെ ഏല്പിച്ചു. അവർ പാടശേഖരസമിതിയുമായി ചേർന്ന് നിലം ഒരുക്കുകയും വിത്ത് വിതയ്ക്കുകയും ചെയ്തു. കുറച്ചുനാൾ ഇവർ കൃഷിയിൽ ശ്രദ്ധിച്ചെങ്കിലും തുടർന്ന് കള പറിക്കുന്നതിനോ വിള സംരക്ഷിക്കുന്നതിനോ ശ്രമങ്ങളുണ്ടായില്ല. എങ്കിലും 25 വർഷത്തിലധികമായി കൃഷി ചെയ്യാതെ കിടന്നതുകാരണം വലിയതോതിലുള്ള വിളവാണുണ്ടായത്. ആഘോഷപൂർവ്വം വിത്ത് വിതയ്ക്കൽ നടത്തിയവർ വിളവ് എടുക്കുന്നത് മറന്നുപോയി. യഥാസമയം കൊയ്ത്ത് നടക്കാതിരുന്നതിനാൽ കിളികൾ കൊത്തിയും ഇടയ്ക്ക് പെയ്ത മഴയിൽ നശിച്ചും കതിർമൂത്ത് ഇളകി വീണും ടൺ കണക്കിന് നെല്ല് നഷ്ടപ്പെട്ടു. ബാക്കി വന്നത് നാട്ടുകാർ കൊയ്ത് എടുത്ത് അവരവരുടെ വീടുകളിൽ കൊണ്ടുപോവുകയാണ്. ഇതിനിടയിൽ കൃഷി ഓഫീസർ നിലമുടമകളെ സമീപിച്ചെങ്കിലും അവരും കൊയ്ത്തിന് വിസമ്മതിച്ചു. കൊയ്യാൻ തൊഴിലാളികളെ കിട്ടാതെ വന്നു.

.....

'' രണ്ടുവർഷത്തെ ശ്രമഫലമായിട്ടാണ് കൃഷിക്ക് അനുയോജ്യമായി അയിരൂർ പാടശേഖരത്തെ ഒരുക്കി എടുത്തത്. ഇതിനു ചെലവഴിച്ച പണവും മനുഷ്യാദ്ധ്വാനവും പാഴായി. കർഷകരുടെയും ഭൂവുടമകളുടെയും യോഗം വിളിച്ച് വിളവെടുപ്പിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിൽ നഷ്ടം ഉണ്ടാകുമായിരുന്നില്ല. തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി വിളവെടുപ്പ് നടത്തുവാൻ കഴിയുമായിരുന്നുവെങ്കിലും പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല.

സുരേഷ് കുഴിവേലി, ഗ്രാമ പഞ്ചായത്തംഗം.