sasthamkulam
സംരക്ഷണമില്ലാതെ നശിക്കുന്ന പൂഴിക്കാട് ശാസ്താംകുളം

പന്തളം: അധികൃതരുടെ അനാസ്ഥകാരണം സംരക്ഷണമില്ലാതെ നശിക്കുകയാണ് പൂഴിക്കാട് ശാസ്താംകുളം. തൊണ്ണൂറു സെന്റിലുള്ളകുളം പന്തളം നഗരസഭയിലെ തന്നെ ഏറ്റവും വലുതാണ്. കുളിക്കാനും വസ്ത്രം കഴുകുന്നതിനും കൃഷിക്കും ഈ കുളത്തിലെ ജലമാണ് ഒരു കാലത്ത് ഉപയോഗിച്ചിരുന്നത്. ഇടത്താവളങ്ങൾ ഇല്ലാതിരുന്ന കാലത്ത് മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല തീർത്ഥാടകർ പൂഴിക്കാട് ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്തിരുന്നപ്പോൾ കുളിക്കാനും മറ്റും ഈ കുളമായിരുന്നു ആശ്രയം. ഇപ്പോൾ ആഫ്രിക്കൻ പായൽമൂടി കിടക്കുന്ന കുളത്തിലേക്ക് ആരും ഇറങ്ങാറില്ല. വെള്ളവും മലീനമാണ്. പൂഴിക്കാട് ശ്രീഭൂതനാഥ വിലാസം ഹൈന്ദവ സമാജം വക പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രക്കുളമായിരുന്ന ഇത്. 1964ൽ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മേജർ ഇറിഗേഷൻ വകുപ്പിനു കൈമാറുകയായിരുന്നു. ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്തതിനു ശേഷം കുളത്തിന്റെ ആഴവും വീതിയും കൂട്ടി നാലുവശവും കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിക്കുകയും, കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കടവുകൾ നിർമ്മിച്ചു പടികളും കെട്ടിയിരുന്നു. കരിങ്കല്ല് കെട്ടിയ വശങ്ങളുടെ പല ഭാഗങ്ങളും ഇപ്പോൾ ഇടിഞ്ഞു താണു. കിഴക്കുഭാഗത്ത് തൂമ്പു നിർമ്മിച്ചു കൈത്തോട്ടിലൂടെ ജലമെത്തിച്ച് ശാസ്താംവയലിലെയും ചിറമുടി പുഞ്ചയിലെയും കൃഷിക്കുപയോഗിച്ചിരുന്നു. പിൽക്കാലത്ത് കൈത്തോടുകളുടെ പല ഭാഗങ്ങളും ഇടിഞ്ഞ് തോടുകളും നികന്നു.


15 വർഷത്തിനുള്ളിൽ പന്തളം പഞ്ചായത്ത് കുളത്തിലെ ചെളിനീക്കം ചെയ്യാനും ഇടിഞ്ഞു പൊളിഞ്ഞ വശങ്ങൾ നന്നാക്കാനും മൂന്നു തവണ പണം അനുവദിച്ചിരുന്നു. എന്നാൽ, കരാറിൽ നിർദ്ദേശിച്ചിരുന്ന തരത്തിൽ പണി പൂർത്തീകരിക്കാതെ ജനപ്രതിനിധിയും ജീവനക്കാരും ചേർന്ന് കരാറുകാരനു ബില്ല് മാറികൊടുക്കുകയായിരുന്നു.

പത്തടി ആഴത്തിൽ വെള്ളം


കൊടും വരൾച്ചയിൽപ്പോലും പത്തടി ആഴത്തിൽ ഈ കുളത്തിൽ വെള്ളമുണ്ട്. ശാസ്താ ക്ഷേത്ര ദർശനത്തിനെത്തുന്നവർ ദേഹശുദ്ധി വരുത്താൻ ഉപയോഗിച്ചിരുന്നതും കുളത്തിലെ ജലമാണ്. ക്ഷേത്രാവശ്യത്തിനും മറ്റും ഉപയോഗിക്കുന്നതിനായി ഇതിൽ താമരയും വളർത്തിയിരുന്നു. എന്നാൽ ആഫ്രിക്കൻ പായൽ നിറഞ്ഞതോടെ താമരയും പൂർണമായി നശിച്ചു. പായൽ അഴുകി ദുർഗന്ധം വമിക്കുന്നതോടൊപ്പം നാലുവശവും കാടും പടലും മൂടിയിരിക്കുകയാണ്. ഇതോടെ ഇവിടം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രവുമാണ്.

-90 സെന്റിലുള്ള കുളം