ഇളമണ്ണൂർ: ഏനാദിമംഗലം പഞ്ചായത്തിലെ പാറേക്കടവിൽ കേരള സർവകലാശാല പ്രൊജക്ടിന്റെ ഭാഗമായി ഖനനം നടത്തിയ സംഘത്തിനും ഭൂ ഉടമയ്‌ക്കും എതിരെ കേസ് എടുക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നീക്കം. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള സംഘത്തിലെ ഒരാൾ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഖനനം നടക്കുന്ന വസ്തുവിലെ വേലി ഭേദിച്ച് അകത്തുകടന്നത് ചോദ്യം ചെയ്തതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. പഞ്ചായത്ത് ക്ലാർക്ക് സർവകലാശാല അദ്ധ്യാപകനോട് മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്. ഒന്നരയടി താഴ്ച്ചയിൽ കുഴിക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണമെന്നും ഖനനത്തിന് അനുമതി തേടിയിട്ടില്ലാത്തതിനാൽ നിയമത്തിന്റെ കുരുക്കിൽപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സംഘാംഗങ്ങൾ പറഞ്ഞു. കേന്ദ്രസർക്കാരിന്റെയും ജില്ല കളക്ടറുടെയും അനുമതി വാങ്ങിയാണ് ഖനനം നടത്തിയതെന്നും പഠന ഭാഗമായി കണ്ടെത്തിയ ചരിത്ര ശേഷിപ്പ് ഗ്രാമത്തിന് മുതൽക്കൂട്ടാണെന്നും അറിയിച്ചിട്ടും പഞ്ചായത്ത് ഉദ്യോഗസ്ഥർ ചാെവിക്കൊണ്ടില്ല. തുടർന്ന് വൈകിട്ടോടെ സംഘങ്ങളെ ഫോണിൽ വിളിച്ചു ​ ഭീഷണിപ്പെടുത്തി.

മുനിയറ നിലനിൽക്കുന്ന ഭൂ ഉടമയെ ഉദ്യോഗസ്ഥർ വിളിച്ചു കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഇതേസമയം സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീത രമേശും വൈസ് പ്രസിഡന്റ് സി. രാജ്പ്രകാശും പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിരുന്നതായും ഗവേഷകർ പറഞ്ഞു.

മുനിയറയുടെ രഹസ്യം അറിഞ്ഞ്

2000 ലേറെ വർഷങ്ങൾ പഴക്കമുണ്ടെന്ന് കരുതുന്ന മുനിയറയുടെ ചരിത്രം തേടിയ കേരള സർവകലാശാലയിലെ പുരാവസ്തു വിഭാഗം വിദ്യാർത്ഥികൾ മൃതദേഹം അടക്കം ചെയ്തതായി കരുതുന്ന കറുപ്പും ചുവപ്പും കലർന്ന മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കേരള മെഗാലിത്തിക് ഗസറ്റിയർ പ്രൊജക്ടിന്റെ ഭാഗമായാണ് ജപ്പാൻ സ്വദേശി അടക്കം 11 പി.എച്ച്.ഡി വിദ്യാർത്ഥികൾ പഠനത്തിനെത്തിയത്. കേരള സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ജി.എസ്. അഭയൻ, ഡോ. എസ്.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ജപ്പാൻ സ്വദേശി അകാനോരി, മുഹമ്മദ് ഫസലു, ആർ. ഹസീൻ രാജ, പി. സൂര്യ, എം.എസ്. സുജൻപാൽ, അനന്ദു വി. ദേവ്, എം.എസ്. സാന്ദ്ര, മുഹമ്മദ് മുഹ്‌സിൻ, കുംഭോദരൻ, കെ.എസ്. അരുൺകുമാർ എന്നിവരും മാർഗദർശിയായ ഹരിനാരായണനും ഖനനത്തിൽ പങ്കാളികളായി.