അടൂർ: അന്തർ സംസ്ഥാന സർവീസിനായുള്ള ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അനുവദിച്ച അടൂർ - ഉടുപ്പി - മണിപ്പാൽ സർവീസിനുള്ള രണ്ട് ബസുകൾ ഡിപ്പോയിൽ എത്തിച്ചു. തിരുവനന്തപുരം - മണിപ്പാൽ റൂട്ടിൽ സർവീസ് നടത്തിവന്ന സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ് എയർ ബസുകളാണ് അടൂർ ഡിപ്പോയ്ക്ക് കൈമാറിയത്. സർവീസ് നടത്താൻ ആവശ്യമായ ജീവനക്കാരെയും സമയക്രമവും അനുവദിച്ച് നൽകിയാൽ തൊട്ടടുത്ത ദിവസം മുതൽ സർവീസ് ആരംഭിക്കാൻ കഴിയും. ബസ് അടൂരിൽ നിന്നും പുറപ്പെടുന്നതും മണിപ്പാലിൽ നിന്നും തിരികെ മടങ്ങുന്നതും സംബന്ധിച്ച് നേരത്തെ തയാറാക്കി സമർപ്പിച്ച സമയത്തിന് അനുമതി നൽകിയാൽ ആ പ്രശ്നത്തിന് പരിഹാരമാകും. രണ്ട് ബസുകൾക്കായി 8 ഡ്രൈവർ കം കണ്ടക്ടറെ അനുവദിക്കണം. ഒരു ബസ് പുറപ്പെടുമ്പോൾ രണ്ടു ജീവനക്കാരാകും ഉണ്ടാവുക. ഇവർ മാറി മാറി ബസ് ഓടിക്കുകയും, ടിക്കറ്റ് ലഭ്യമാക്കുകയും വേണം.
പരിചിതരായ ജീവനക്കാർ ഇല്ല: എറ്റെടുക്കാനും മടി
അന്തർ സംസ്ഥാന റൂട്ടിൽ പോയി പരിചിതരായ ജീവനക്കാർ അടൂർ ഡിപ്പോയിലില്ല. ഇതിൽ തഴക്കവും പഴക്കവുമുള്ളവരെ ലഭ്യമാക്കിയാലേ സർവീസ് സുഗമമായി നടത്താൻ കഴിയൂ . ഡിപ്പോ അധികൃതർ മെല്ലെ പോക്കിൽ അന്തർ സംസ്ഥാന സർവീസ് ആരംഭിക്കുന്നതിൽ ഡിപ്പോയിലെ ചിലർക്ക് തുടക്കം മുതലേ താൽപ്പര്യമില്ല. ഒരാഴ്ച മുൻപ് കെ.എസ്. ആർ.ടി. സി എം. ഡി വിളിച്ചു ചേർത്ത യോഗത്തിൽ അടൂർ - മണിപ്പാൽ സർവ്വീസ് അടൂർ ഡിപ്പോയ്ക്ക് ഏറ്റെടുത്ത്കൂടേ എന്ന് ചോദിച്ചപ്പോൾ ലാഭകരമാകില്ലെന്ന മറുപടിയാണ് അടൂർ ഡിപ്പോയിലെ ഒരു ഉന്നത ഉദ്യോഗ സ്ഥൻ നൽകിയത്. ഇതിനെ തുടർന്നാണ് സർവീസ് കൊട്ടാരക്കര ഡിപ്പോയ്ക്ക് നൽകി ഉത്തരവിട്ടത്.വിവരം മനസിലാക്കി ചിറ്റയം ഗോപകുമാർ എം.എൽ.എ ഉൾപ്പെടെയുള്ളവർ നടത്തിയ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഉത്തരവ് തിരുത്തി അടുത്ത ദിവസം അടൂർ ഡിപ്പോയ്ക്ക് നൽകിയത്. തുടക്കത്തിലേയുള്ള നിസംഗത ഇപ്പോഴും തുടരുകയാണ്.
എല്ലാം ഒത്തു വന്നാൽ സർവീസ് നടത്തും
എല്ലാം ലഭ്യമാക്കിയാൽ സർവീസ് തുടങ്ങാമെന്ന നിലപാടാണ് ഇപ്പോഴും ഡിപ്പോ അധികൃതരുടേത്. 'കൈ നനയാതെ മീൻ പിടിക്കുക' എന്ന നയത്തിനൊപ്പം കടുത്ത ബാദ്ധ്യതകൾ ഏറ്റെടുക്കുന്നതിലെ വിമുഖതയും ഇതിൽ പ്രകടമാണ്.