ചെന്നീർക്കര: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം സായുധ പൊലീസിന്റെ കനത്ത കാവലിലാണ്. ജനാധിപത്യത്തിന്റെ സൂക്ഷിപ്പ് കെട്ടിടത്തിന്റെ കാവലിന് ലോക്കൽ പൊലീസിനൊപ്പം ബി.എസ്.എഫിന്റെ (ബോർഡർ സെക്യുരിറ്റി ഫോഴ്സ്) നൂറോളം ഭടൻമാരും. കേന്ദ്രീയ വിദ്യാലയത്തിന് മുന്നിലെ ചായക്കടക്കാരൻ രാജേന്ദ്രൻ ചേട്ടനും കനത്ത ജാഗ്രതയിലാണ്. പുലർച്ചെ അഞ്ച് മണിക്ക് കട തുറക്കുന്ന രാജേന്ദ്രന് ഒരു മാസത്തോളമായി ഇതൊരു പുതിയ അനുഭവമാണ്.
ആദ്യമായാണ് ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ വോട്ടിംഗ് യന്ത്രം സൂക്ഷിക്കുന്നതും വോട്ടെണ്ണൽ നടക്കുന്നതും. സദാ സമയവും ഉണർന്ന് നിൽക്കുന്ന സുരക്ഷാ ഭടൻമാർ. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പുലർച്ചെ മുതൽ ഇടക്കിടെ വരുന്ന പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ. വൈകുന്നേരം മുതൽ രാവിലെ ആറ് വരെ ഹാലജൻ ലൈറ്റുകളുടെ വെളിച്ചത്തിൽ ഉച്ചവെയിൽ പോലെ തെളിഞ്ഞുകാണുന്ന വോട്ടെണ്ണൽ കേന്ദ്രവും പരിസരവും. നാല് ചുറ്റിലും സി.സി.ടി.വി കാമറകൾ. ഒാമല്ലൂർ -ചെന്നീർക്കര റോഡിലൂടെ യാത്ര ചെയ്യുന്നവർ മുറിപ്പാറയിലെ കേന്ദ്രീയ വിദ്യാലയത്തിലേക്ക് നോക്കാതിരിക്കില്ല. ആരെങ്കിലും കൗതുകത്തിന് കുറച്ചു നേരം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കണ്ടുനിന്നാൽ അവരുടെ നേരെ സംശയക്കണ്ണുമായി പൊലീസ്. എല്ലാംകൊണ്ടും പട്ടാള ക്യാമ്പുപോലെ ഇരുപത്തിനാലും മണിക്കൂറും കനത്ത സുരക്ഷാ വലയത്തിലാണ് വേട്ടെണ്ണൽ കേന്ദ്രമെന്ന് രാജേന്ദ്രൻ പറയുന്നു. നാലു വർഷമായി രാജേന്ദ്രൻ കട തുടങ്ങിയിട്ട്. കേന്ദ്രീയ വിദ്യാലയം തുറന്നിരിക്കുമ്പോഴാണ് ചായ കച്ചവടം കൂടുതലായി നടക്കാറുളളത്. ഇപ്പോൾ വിദ്യാലയത്തിൽ ക്ളാസ് നടക്കുന്നില്ലെങ്കിലും രാജേന്ദ്രന്റെ കച്ചവടത്തിന് കുറവില്ല. സുരക്ഷാ പൊലീസുകാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാജേന്ദ്രന്റെ കടയിൽ നിന്നാണ് ചായ കുടിക്കുന്നത്.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറികൾക്കു മുന്നിലൽ കാവൽ നിൽക്കുന്ന ബി.എസ്.എഫുകാർക്ക് കേന്ദ്രീയ വിദ്യാലയം കോമ്പൗണ്ടിൽ പ്രത്യേകം പാചകപ്പുരയുണ്ട്. മലയാളികളുടെ ഭക്ഷണം അന്യസംസ്ഥാനക്കാരായ ജവാൻമാർക്ക് രുചിക്കാത്തതുകൊണ്ട് അവർക്കായി പ്രത്യേക പാചകപ്പുര തുറക്കുകയായിരുന്നു. അവരുടെ ചായ മലയാളികളായ പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും പിടിക്കാത്തതുകൊണ്ട് രാജേന്ദ്രന്റെ ചായക്കടയാണ് ശരണം. പൊലീസുകാർക്കുളള ഉച്ചയൂണും ലഘുഭക്ഷണവും പത്തനംതിട്ടയിൽ നിന്നാണ് എത്തിച്ചുകൊടുക്കുന്നത്.