ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗജമേളയ്ക്ക് പോയി മടങ്ങുകയായിരുന്ന ആനയ്ക്കും പാപ്പാനും പിന്നിൽ നിന്ന് വന്ന കാർ ഇടിച്ച് പരിക്ക് . പെരിങ്ങിലപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും പാപ്പാനായ തോന്നയ്ക്കാട് ഇലഞ്ഞിമേൽ മംഗലത്തേതിൽ ഗോപിനാഥൻ നായർ (53) നുമാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം നിശേഷം തകർന്നു. കഴിഞ്ഞ ദിവസം രാത്രി പുലിയൂർ വടേക്കമുക്കിനു സമീപമായിരുന്നു അപകടം. എലിഫന്റ് സ്‌ക്വാഡിലെ ഡോ.ഉണ്ണികൃഷ്ണൻ ആനയെ പരിശോധിച്ചു. ഗോപിനാഥൻ നായരെ തട്ടാരമ്പലത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്ന കൊല്ലകടവ് സ്വദേശിയായ കാർ ഡ്രൈവറെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയുടെയും പാപ്പാന്റേയും പരിക്ക് ഗുരുതരമല്ലന്ന് ഡോക്ടർമാർ പറഞ്ഞു