തിരുവല്ല : സ്റ്റീൽപാത്രത്തെ വിരൽത്തുമ്പിൽ പമ്പരം പോലെ കറക്കി ഗിന്നസ് ബുക്കിലേക്ക് കടക്കാനൊരുങ്ങുകയാണ് അശ്വിൻ. രണ്ട് മണിക്കൂറിലധികം സമയമാണ് പാത്രം കറങ്ങിയത്. ഡൽഹി സ്വദേശിയായ ഹിമാൻഷു ഗുപ്തയുടെ ഒരു മണിക്കൂർ പത്ത് മിനിട്ട് മുപ്പത് സെക്കൻഡ് നീണ്ട റെക്കാഡാണ് ഇന്നലത്തെ പ്രകടനത്തോടെ അശ്വിൻ മറികടന്നത്
മുത്തൂർ ശ്രീഭദ്ര ഓഡറോറിയത്തിൽ ഇന്നലെ രാവിലെയാണ് അടൂർ കടമ്പനാട് തുവയൂർ തെക്ക് വാഴുവേലിൽ ആർ. അശ്വിൻ (23) വലതു കൈയിലെ നടുവിരലിൽ രണ്ട് മണിക്കൂറും മൂന്ന് മിനിട്ടും എട്ട് സെക്കൻഡും തുടർച്ചയായി പാത്രം കറക്കിയത്.
രാവിലെ 10.20 ന് രണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെയും രണ്ട് ടൈം വാച്ചർമാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രകടനം. 260 ഗ്രാം ഭാരവും 23 സെന്റിമീറ്റർ വ്യാസവുമുള്ള പ്ലേറ്റാണ് ഉപയോഗിച്ചത്. ചന്ദ്രമുഖി എന്ന സിനിമയിൽ രജനികാന്ത് വിരൽതുമ്പിൽ പ്ലേറ്റ് കറക്കുന്നത് കണ്ടതായിരുന്നു പ്രചോദനം. തുടർന്ന് പരിശീലനം തുടങ്ങി. ആറാംക്ലാസിൽ പഠിക്കുമ്പോൾ സഹപാഠികളുടെ നോട്ടുബുക്ക് വിരൽത്തുമ്പിൽ നിറുത്താതെ കറക്കി അശ്വിൻ കൂട്ടുകാരെ വിസ്മയിപ്പിച്ചിരുന്നു.. സഹപാഠികളും അദ്ധ്യാപകരും പ്രോത്സാഹനം നൽകിയതോടെ തന്റെ കഴിവിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും പത്തനംതിട്ട പ്രസ് ക്ലബിലും നേരത്തേ അശ്വിൻ തന്റെ പ്രകടനം കാഴ്ചവച്ചിരുന്നു. ഇന്നലെ നടത്തിയ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രകടനം നിരീക്ഷിക്കാനെത്തിയ സർക്കാർ ഉദ്യോഗസ്ഥർ നൽകിയ സാക്ഷ്യപത്രവും സഹിതം ഗിന്നസ് അധികൃതർക്ക് അയച്ചു നൽകും. ഡിഗ്രി പഠനത്തിന് ശേഷം പി.എസ്.സി പരീക്ഷയ്ക്ക് പരിശീലനം നടത്തുകയാണ് അശ്വിൻ. കടമ്പനാട് മുൻ ഗ്രാമപഞ്ചായത്തംഗം ബാബു വാഴുവേലിലിന്റെയും തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ഇന്ദിരാബായിയുടെയും ഏക മകനാണ് അശ്വിൻ.