ലോകസഭാ തിരഞ്ഞെടുപ്പ്
സർവീസ് വോട്ടുകൾ എണ്ണാൻ നടപടികൾ ഏറെ
പത്തനംതിട്ട: ലോകസഭാ തിരഞ്ഞെടുപ്പിൽ ഇതാദ്യമായി ഏർപ്പെടുത്തിയ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) മുഖേന ചെയ്ത സർവീസ് വോട്ടുകൾ എണ്ണുന്നതിന് ക്യുആർ കോഡ് റീഡിംഗ് ഉൾപ്പെടെ നിരവധി നടപടികൾ പിന്നിടണം. സായുധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, വിദേശ രാജ്യങ്ങളിൽ നിയോഗിക്കപ്പെട്ടിട്ടുള്ള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ഈ രീതിയിൽ വോട്ടു ചെയ്തിട്ടുള്ളത്.
പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൽ പോസ്റ്റൽ ബാലറ്റുകളും സർവീസ് വോട്ടുകളും ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ രണ്ട് ഹാളുകളിലായി 14 ടേബിളുകളിലാണ് എണ്ണുക. ഇതിനായി ക്യുആർ കോഡ് റീഡറും അനുബന്ധ സംവിധാനങ്ങളും ഇവിടെ സജ്ജീകരിക്കും.
സർവീസ് വോട്ടുകൾ എണ്ണുന്നത് ഇങ്ങനെ
ആദ്യം പുറം കവറിന്റെ (ഫോം 13സി) താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യു ആർ കോഡ് യന്ത്രം ഉപയോഗിച്ച് റീഡ് ചെയ്യുന്നു. അതോടൊപ്പം വോട്ടറുടെ വേരിഫിക്കേഷനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള അവശ്യ പരിശോധനങ്ങളും നടത്തുന്നു. കമ്പ്യൂട്ടറിൽനിന്ന് ലഭിക്കുന്ന പ്രത്യേക സീരിയൽ നമ്പർ പരിശോധിക്കുന്ന കവറിന് പുറത്ത് റിട്ടേണിംഗ് ഓഫീസർ എഴുതിച്ചേർക്കുന്നു.
ഇരട്ടിപ്പ് ഇല്ലെന്ന് ഉറപ്പാക്കിയശേഷം പുറം കവർ (ഫോം 13സി) തുറക്കുന്നു. ഫോം 13 എയിലുള്ള പ്രസ്താവനയും പോസ്റ്റൽ ബാലറ്റ് അടങ്ങിയ കവറു(ഫോം 13ബി)മാണ് ഇതിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസർ ഇവ പുറത്തെടുക്കുന്നു.
ഫോം 13 എയിലെ രണ്ട് ക്യുആർ കോഡുകൾ ഒന്നിനു പിറകെ അടുത്തത് എന്ന രീതിയിൽ സ്കാൻ ചെയ്യുന്നു. തുടർന്ന് ഫോം 13ബിയുടെ താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തശേഷം സീരിയർ നമ്പരുകൾ രേഖപ്പെടുത്തുന്നു.
ക്യുആർ കോഡ് റീഡിംഗിൽ അപാകതകളൊന്നും കണ്ടെത്തിയില്ലെങ്കിൽ ഫോം 13ബി കവറും പ്രസ്താവനയും ഫോം 13സി കവറിൽ ഇട്ടശേഷം എണ്ണുന്നതിനുള്ള സാധുവായ വോട്ടുകൾ സൂക്ഷിക്കുന്ന ട്രേയിൽ നിക്ഷേപിക്കുന്നു. ക്യുആർ കോഡ് റീഡിംഗിൽ രേഖകൾ സാധുവല്ലാതിരിക്കുക, ഒരേ രേഖയുടെ ഒന്നിലധികം പകർപ്പുകൾ കണ്ടെത്തുക തുടങ്ങിയ അപാകതകൾ ഉണ്ടായാൽ ഇത്തരം കവറുകൾ തള്ളപ്പെടുന്ന കവറുകൾക്കുള്ള ട്രേയിൽ നിക്ഷേപിക്കണം. ഒരു വോട്ട് എണ്ണുന്നതിന് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വോട്ടെണ്ണൽ: റിഹേഴ്സൽ ഇന്ന് നടക്കും
ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മാണ്ഡലത്തിലെ വോട്ടെണ്ണൽ പ്രക്രിയയുടെ റിഹേഴ്സൽ ഇന്ന് നടക്കും. വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയവിദ്യാലയത്തിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് റിഹേഴ്സൽ നടത്തുന്നത്. ഏഴ് മണ്ഡലങ്ങളിലെയും എആർഒമാരാണ് ട്രയൽ റൺ നടത്തുന്നത്. ജില്ലാ കളക്ടർ പി.ബി. നൂഹ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സന്തോഷ് കുമാർ എന്നിവർ റിഹേഴ്സലിന് നേതൃത്വം നൽകും.
വോട്ടെണ്ണൽ ത്രിതല സുരക്ഷയിൽ
ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിന് ത്രിതല സുരക്ഷ ഒരുക്കും. ലോക്കൽ പൊലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുക. ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദ്രം ചെന്നീർക്കര കേന്ദ്രീയ വിദ്യാലയമാണ്. കാഞ്ഞിരപ്പളളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നിങ്ങനെ ഏഴ് മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് നടക്കുക. വോട്ടെണ്ണലിനായി മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങൾക്കും ഓരോ ഹാൾ ഉണ്ടാവും. ഓരോ ഹാളിലും വോട്ടെണ്ണലിനായി 14 മേശകൾ സജ്ജീകരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണാൻ എട്ട് മേശകളും ഇറ്റിപിബിഎസ് എണ്ണാൻ 14 മേശകളും സജ്ജീകരിക്കും. ഇതു കൂടാതെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കും നിരീക്ഷകനും ഓരോ മേശയും ഉണ്ടാവും. പോസ്റ്റൽ വോട്ടുകൾക്കും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) മുഖേനയുള്ള വോട്ടുകൾക്കും പ്രത്യേകം മേശ ഒരുക്കും. എട്ടു മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. വോട്ടെണ്ണലിന് മുമ്പായി വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റ് പരിശോധിച്ച് കേടുപാടില്ലെന്നും സീലുകളെല്ലാം ഭദ്രമാണെന്നും ഉറപ്പുവരുത്തും. തുടർന്ന്, കൺട്രോൾ യൂണിറ്റിന്റെ റിസൽട്ട് ബട്ടൺ അമർത്തും. അപ്പോൾ ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ അതിന്റെ ഡിസ്‌പ്ലേയിൽ കാണാം. ഇത് ഫോം 17സിയുടെ പാർട്ട് രണ്ടിൽ രേഖപ്പെടുത്തും. വോട്ടെണ്ണിയ ശേഷം വോട്ടിംഗ് യന്ത്രങ്ങൾ സീൽ ചെയ്യും. കൺട്രോൾ യൂണിറ്റിന്റെ ഡിസ്‌പ്ലേ തകരാറിലായാലോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദേശമുണ്ടെങ്കിൽ മാത്രമേ വിവിപാറ്റ് മെഷീനുകൾ എണ്ണുകയുളളൂ. ഇതിന് പുറമെ ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുത്ത അഞ്ച് വീതം വിവിപാറ്റ് യന്ത്രങ്ങളും എണ്ണും. നറുക്കെടുപ്പിലൂടെയാണ് ഇവ തെരഞ്ഞെടുക്കുക. റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥികളുടെ ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചവർ എന്നിവർക്കല്ലാതെ മറ്റാർക്കും കൗണ്ടിംഗ് ഹാളിൽ പ്രവേശനമില്ല. റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും മേൽനോട്ടത്തിലാണ് വോട്ടെണ്ണൽ നടക്കുക. മോശമായി പെരുമാറുകയോ നിയമപ്രകാരമുള്ള നിർദേശം അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ചെയ്യുന്ന ആരെയും കൗണ്ടിംഗ് ഹാളിൽനിന്ന് പുറത്താക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് അധികാരമുണ്ട്. വോട്ടെടുപ്പിന്റെ സ്വകാര്യത വോട്ടെണ്ണൽ കേന്ദ്രത്തിലും പാലിക്കപ്പെടേണ്ടതാണ്. യൂണിഫോമിലായാലും സിവിൽ വേഷത്തിലായാലും പൊലീസുകാർക്ക് വോട്ടെണ്ണൽ ഹാളിൽ പ്രവേശനമില്ല. അവർ പുറത്തുനിൽക്കേണ്ടതും റിട്ടേണിംഗ് ഓഫീസർ വിളിച്ചാൽ മാത്രം അകത്ത് പ്രവേശിക്കേണ്ടതുമാണ്.
വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഒബ്സർവർമാർക്ക് മാത്രമേ അനുമതിയുള്ളൂ. ഒരേ സമയം, സ്ഥാനാർത്ഥിക്കോ സ്ഥാനാർത്ഥിയുടെ ഏജന്റിനോ മാത്രമേ വോട്ടെണ്ണൽ മേശയുടെ മുന്നിൽ ഇരിക്കാനാവൂ. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ വോട്ടെണ്ണൽ പൂർണ്ണമായി പകർത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ മാദ്ധ്യമ പ്രവർത്തകർക്ക് ഫോട്ടോയോ വീഡിയോയോ പകർത്താൻ അനുവാദമില്ല. അതേസമയം, മാദ്ധ്യമ പ്രവർത്തകർക്ക് ഒരു നിശ്ചിത ദൂരപരിധിയിൽനിന്ന് പൊതുവായുള്ള ചിത്രം പകർത്താൻ അനുവാദമുണ്ടാവും. ഏതുസാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാൻ പാടില്ല. കൗണ്ടിംഗ് ഹാളിന് പുറത്ത് വോട്ടെണ്ണലിന്റെ വിവരങ്ങൾ നൽകാനായി മീഡിയ സെന്റർ പ്രവർത്തിക്കും. കൂടാതെ വോട്ടെണ്ണൽ ഫലം തൽസമയം അപ്ലോഡ് ചെയ്യുന്നതിനുള്ള സുവിധ ആപ്ലിക്കേഷന്റെ പ്രത്യേക കേന്ദ്രവും ഉണ്ടാവും. വോട്ടെണ്ണൽ ദിവസം രാവിലെ അഞ്ച് മുതൽ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പോകുവാൻ പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രത്തിൽ കാമറകൾക്കും
മൊബൈലിനും പ്രവേശനമില്ല
വോട്ടെണ്ണൽ നടക്കുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോണും ക്യാമറകളും കൊണ്ടുപോകുന്നതിന് നിയന്ത്രണം. വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഒബ്സർവർമാർക്ക് മാത്രമേ അനുമതിയുള്ളൂ. മാദ്ധ്യമപ്രവർത്തകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും സ്ഥാനാർത്ഥിക്കും അവരുടെ ഏജന്റുമാർക്കും മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമില്ല.
മാദ്ധ്യമങ്ങളുടെ കാമറകൾക്കും നിയന്ത്രണമുണ്ട്. പൊതുവായ ചിത്രം ചിത്രീകരിക്കുന്നതിന് മാത്രമേ അനുവാദമുള്ളൂ. വരണാധികാരി നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ചെറുസംഘങ്ങളായി മാത്രമേ മാദ്ധ്യമപ്രവർത്തകരെ കൗണ്ടിംഗ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കൂ. വരണാധികാരി അനുവദിക്കുന്ന നിശ്ചിത സമയത്ത്, നിശ്ചിത പ്രദേശത്തുനിന്നു മാത്രമേ ചിത്രീകരണം അനുവദിക്കൂ. നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഇതു സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാൻ മാദ്ധ്യമപ്രവർത്തകർ ബാധ്യസ്ഥരാണ്.
വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നതോ, വോട്ടെണ്ണൽ തടസപ്പെടുത്തുന്നതോ, സമാധാനത്തിന് ഭംഗമുണ്ടാക്കുന്നതോ ആയ ചിത്രീകരണമോ പ്രവർത്തനങ്ങളോ മാദ്ധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച പാസുള്ളവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വരണാധികാരി അനുവദിക്കുന്ന സമയപരിധി കഴിഞ്ഞാൽ മാദ്ധ്യമപ്രവർത്തകർ പുറത്തിറങ്ങുകയും മീഡിയാ സെന്ററിൽ കേന്ദ്രീകരിക്കുകയും വേണം. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് പ്രത്യേകം തയാറാക്കുന്ന പന്തലിലാണ് മീഡിയാ സെന്റർ പ്രവർത്തിക്കുന്നത്. വോട്ടെണ്ണലിന്റെ വിവരങ്ങൾ തത്സമയംതന്നെ മീഡിയാ സെന്ററിൽ ലഭ്യമാക്കും. സുവിധ ആപ്ലിക്കേഷനിൽ വോട്ടെണ്ണൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് അതേസമയത്തുതന്നെ മീഡിയാ സെന്ററിലെ സ്ക്രീനിലും ദൃശ്യമാവും.
സുവിധ, ട്രെൻഡ് വഴി ഫലമറിയാം
തിരഞ്ഞെടുപ്പ് ഫലങ്ങൾ, തത്സമയ ഫലസൂചനകൾ എന്നിവ അറിയുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ സുവിധ, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്റെ ട്രെൻഡ് എന്നീ വെബ്സൈറ്റുകൾ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സജ്ജമാക്കി. ഇതുവഴി വോട്ടെണ്ണൽ ഫലങ്ങൾ കൃത്യതയോടെ ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു. ഓരോ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എണ്ണിക്കഴിയുമ്പോഴും എല്ലാ കൗണ്ടിംഗ് സെന്ററുകളിൽ നിന്നും തിരുവനന്തപുരത്തെ പ്രധാന സെന്ററിലേക്ക് വിവരങ്ങൾ നൽകാനും ഇതുവഴി സാധിക്കും. ട്രെൻഡിൽ നിന്ന് വോട്ടെണ്ണലിന്റെ റൗണ്ട്വൈസ് ടോട്ടൽ സുവിധയിലേക്ക് അപ്ലോഡ് ചെയ്യുകയും അത് മാദ്ധ്യമങ്ങൾക്ക് നൽകുകയും ചെയ്യും. എൻ.ഐ.സിയാണ് രണ്ടു വെബ്സൈറ്റുകളും തയാറാക്കിയിട്ടുള്ളത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നാലു കമ്പ്യൂട്ടറുകൾ വരെ സ്ഥാപിച്ച് അതിൽ ഒന്ന് സുവിധയ്ക്കും മൂന്നെണ്ണം ട്രെൻഡിനും വേണ്ടി ഉപയോഗിക്കും. ഏആർഒമാരുടെ കീഴിലുള്ള ഉദ്യോഗസ്ഥർ, കെൽട്രോൺ പ്രതിനിധികൾ എന്നിവരാണ് പ്രവർത്തനങ്ങൾ നിർവഹിക്കുക.