raid
തിരുവല്ലയിലെ ഹോട്ടലുകളിൽ നിന്നും പിടികൂടിയ പഴകിയ ഭക്ഷണ വസ്തുക്കൾ നഗരസഭയിൽ പ്രദർശിച്ചപ്പോൾ

തിരുവല്ല: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം തുടരുന്ന പരിശോധനയിൽ അഞ്ചു ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. തിരുമൂലപുരം ഭാഗങ്ങളിൽ ഇന്നലെ രാവിലെ നടന്ന പരിശോധനയിൽ ആര്യഭവൻ, ഈറ്റ് ആൻഡ് പാർക്ക്, സിഗ്നേച്ചർ, ബ്ളാക്ക് ഫോർട്ട്, എസ്.ആർ.ജി എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. പൊടി മീൻ വറുത്തത്, ബീഫ് ഫ്രൈ, ഫ്രൈഡ് റൈസ്, വറുത്ത മീൻ, പഴകിയ ചോറ്, മീൻ കറി, ചിക്കൻ കറി, വറുത്ത ചിക്കൻ, കുഴച്ച നിലയിലുള്ള മൈദ, ന്യൂഡിൽസ്, കറുത്ത് കുറുകിയ എണ്ണ, പൂത്ത ബ്രഡ് എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തു. ഭക്ഷണ സാധനങ്ങൾ എല്ലാം ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു. വൃത്തിഹീനമായ അടുക്കള, മാലിന്യ സംസ്‌ക്കരണ സംവിധാനം, ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവയെല്ലാം പരിശോധിച്ച അധികൃതർ വിവിധ ഹോട്ടലുകളിൽ നിന്നും 2000 രൂപവരെ പിഴയും ഈടാക്കി. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നാല് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറന്മാരായ എ.ബി. ഷാജഹാൻ, അജി എസ്.കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടന്മാരായ ദേവസേനൻ, സമന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.