പന്തളം: റോഡ് നിർമ്മാണത്തിന് ഇറക്കി വച്ചിരുന്ന ടാർ മോഷ്ടിച്ചു കടത്തിവിറ്റ നാലു പേരെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ഉടുമ്പഞ്ചോല ഉപ്പുതോട് രാജമുടി സ്‌കൂൾപ്പടി ചാമക്കാലായിൽ വീട്ടിൽ നിന്നും മൈലപ്ര ക്രിസ്ത്യൻ പള്ളിക്കു സമീപം കളരിക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ബിനോയി (27), മൈലപ്ര മേക്കൊഴൂർ ഋഷീകേശ ക്ഷേത്രത്തിനു സമീപം ചരിവുകാലായിൽ ബാലൻ (57), ഋഷീകേശ ക്ഷേത്രത്തിനു സമീപം വടക്കേ വിളയിൽ സജീവ് (35), മല്ലപ്പുഴശ്ശേരി ഓന്തേക്കാട് അദാമ്പടത്തു വീട്ടിൽ അജിത് (33) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തുമ്പമൺ ഗ്രാമപഞ്ചായത്തിലെ റോഡുപണിക്കു വേണ്ടി കരാറുകാരൻ പന്തളം മുടിയൂർക്കോണം വെള്ളാപ്പള്ളിൽ വിശ്വനാഥൻപിള്ള തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സക്കറിയാ വർഗീസിന്റെ സ്ഥലത്ത് ഇറക്കിവച്ചിരുന്ന മുപ്പതു ബാരൽ ടാറിൽ പത്തു ബാരൽ ടാർ ആണ് കഴിഞ്ഞ 15നു രാത്രി 9ന് വാഹനത്തിൽ കടത്തിയത്. ടാർ പത്തനാപുരത്തുള്ള ഫൈസലിന് ഇരുപത്തയ്യായിരം രൂപയ്ക്ക് വിറ്റു. ബിനോയിയാണ് മോഷണത്തിന്റെ സൂത്രധാരനെന്നും ബാലനും സജീവും സഹായികളും അജിത് ടാർ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറുമാണ്. ടാർ ബാരൽ എടുത്തു കൊണ്ടു പോകുന്നത് സമീപം ഇട്ടിരുന്ന റോഡ് റോളറിന്റെ ഡ്രൈവർ കണ്ടതാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. ബാരൽ എയ്‌സ് വാഹനത്തിൽ കടത്തിയെന്ന് ഇയാൾ നൽകിയ സൂചനയും സിസിടിവി കാമറ പരിശോധിച്ചുമാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. പന്തളം സിഐ ഇ.ഡി. ബിജു, എസ്‌ഐ അനൂപ്, സിപിഒ അമീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.