ചെങ്ങന്നൂർ: സിവിൽ പൊലീസ് ഓഫീസറുടെ കൈ തല്ലിയൊടിച്ച കേസിൽ പ്രതി കോടതയിൽ കീഴടങ്ങി. മംഗലം ഉമ്മാറത്തറയിൽ സംഗീത് (27) ആണ് ഇന്നലെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌കോടതിയിൽ നാടകീയമായി കീഴടങ്ങിയത്. പ്രതിയെ ജൂൺ 4 വരെ മാവേലിക്കര സബ് ജയിലിലേക്ക് അയച്ചു. കഴിഞ്ഞ മാർച്ച് 13ന് മംഗലത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവ്‌കേസിലെ പ്രതികളായ സംഗീതിന്റെ നേതൃത്വത്തിലുളള സംഘത്തെ പിടികൂടാനാണ് ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തിയത്. ഇവിടെ മദ്യപിച്ചുകൊണ്ടിരുന്ന സംഘം പൊലീസിനെ കണ്ടതോടെ ചിതറിയോടിയെങ്കിലും ഇയാളോടൊപ്പമുണ്ടായിരുന്ന പ്രതികളായ തോണ്ടിയ മുറിയിൽ അമൽ (28), ചെറിയനാട് മാമ്പള്ളിപ്പടി കൂട്ടത്തിങ്കൽ അനൂപ് (25) എന്നിവരെ സംഭവസ്ഥലത്തു നിന്നും പൊലീസ് പിടികൂടിയിരുന്നു. സംഗീത് കമ്പിവടി വീശി പൊലീസിനെ ആക്രമിച്ചശേഷം സ്ഥലത്തുനിന്നും രക്ഷപെട്ടു. ആക്രമണത്തിൽ ചെങ്ങന്നൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പാണ്ടനാട് കടമ്പച്ചനക്കാട്ടിൽ സുന്ദർലാൽ (34) ന്റെ കൈ ഒടിഞ്ഞു. കഞ്ചാവ് കടത്തൽ കൊലപാതകശ്രമം ഉൾപ്പെടെ 10 ഓളം കേസിലെ പ്രതിയാണ് സംഗീത്. സംഭവത്തെ തുടർന്ന് ഒളിവിൽപോയ പ്രതി ഇന്നലെ കോടതിയിൽ നാടകീയമായി കീഴടങ്ങുകയായിരുന്നു.