അടൂർ : ആനന്ദപ്പള്ളി - ഐക്കാട് റോഡിൽ ആനന്ദപ്പള്ളി ജംഗ്ഷനിൽ നിന്നും അൻപത് മീറ്റർ മാറി ഐക്കാട് റോഡിൽ റോഡ് ടാറിംഗിനുള്ള ചിപ്സ് ,മെറ്റൽ, വിറക് എന്നിവ റോഡിൽ അപകടമായ രീതിയിൽ മെറ്റൽ ഇറക്കിയിടുന്നതായി പരാതി. റോഡിന്റെ പകുതിയിലേറെഭാഗവും മെറ്റൽ, ചിപ്സ് കൂനകൾ കൈയ്യടക്കിയിിക്കുകയാണ്. രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് മെറ്റൽ ഇവിടെ ഇറക്കുന്നത്. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്.ഇപ്പോൾ കരാറുകാരിലധികവും തങ്ങളുടെ യാർഡുകളിൽ ടാർമികസ് ചെയ്ത് യന്ത്രസഹായത്തോടെ റോഡ് നിർമ്മിക്കുന്ന രീതിയാണ് അവലംബിച്ചുവരുന്നത്. റോഡിൽ സാധനങ്ങൾ ഇറക്കിയിട്ട് സ്ഥലം അപഹരിക്കുന്നതിനൊപ്പം പൊടിശല്യവും ടാർ മിക്സ് ചെയ്യുന്നതുവഴിയുള്ള പരിസരമലിനീകരണവും ഒഴിവാകുമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ജനങ്ങൾ ഇടതിങ്ങിപാർക്കുന്ന പ്രദേശങ്ങളിൽ പരമ്പരാഗത രീതിയിലുള്ള ടാറിംഗ് നടത്തുകവഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്. അടൂരിൽ നിന്നും കൊടുമൺ, ചന്ദനപ്പള്ളി, അങ്ങാടിക്കൽ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണ് ഇൗ റോഡ്.ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്. പൊതുവേ വീതികുറവുള്ള ഇൗ റോഡിൽ ബസുകൾക്ക് പരസ്പരം കടന്നുപോകാൻ പ്രയാസമാണ്. തടികളും ദിവസങ്ങളോളം ഗതാഗതത്തിരക്കേറിയ പാതയുടെ ഒാരങ്ങളിൽ കൊണ്ടിടുന്ന പ്രവണതയുമുണ്ട്. തങ്ങളുടെ സൗകര്യമായ അളവിൽ മെഷീൻ ഉപയോഗിച്ച് മുറിക്കുകയും വാഹനങ്ങളിൽ കയറ്റികൊണ്ടുപോകുന്നതും റോഡുകളിലെ സ്ഥിരം കാഴ്ചയാണ്.യാത്രകാർക്ക് അപകടഭീഷണി ഉണ്ടാകുന്ന വിധം തടികൾ റോഡിന്റെ ഒാരങ്ങളിൽ കൊണ്ടിടുന്നതിനെതിരേയും ബന്ധപ്പെട്ട അധികൃതർക്ക് മിണ്ടാട്ടമില്ല.