പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്ന പത്തനംതിട്ടയിൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ അട്ടിമറിച്ച് യു.ഡി.എഫിന്റെ ആന്റോ ആന്റണിക്ക് ഹാട്രിക് ജയം. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ മറികടന്ന് എൽ.ഡി.എഫിലെ വീണാജോർജ് രണ്ടാമതെത്തി. ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് വീണു. ആന്റോയുടെ ഭൂരിപക്ഷം 2014നെക്കാൾ കുറയ്‌ക്കാനും വീണയ്‌ക്ക് കഴിഞ്ഞു.
എന്നാൽ 2014നെക്കാൾ ഒന്നരലക്ഷത്തിലേറെ വോട്ടുകൾ ബി.ജെ.പി നേടി. കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും വരുമെന്ന ആശങ്കയിൽ മതന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്കെത്തി. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ചിന്തിച്ച ഹിന്ദു വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പിക്കുമായി ഭിന്നിച്ചതും ആന്റോയുടെ വിജയത്തിന് കാരണമായി.
ഏഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടിടാൻ ആന്റോ ആന്റണിക്കായി. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറൻമുള, കോന്നി മണ്ഡലങ്ങളിലാണ് ആന്റോ മുന്നിലെത്തിയത്. ശബരിമല വിഷയത്തിൽ നാമജപമടക്കമുള്ള പ്രക്ഷാേഭങ്ങൾ നടന്ന പന്തളമടങ്ങുന്ന അടൂർ മണ്ഡലത്തിൽ വീണാ ജോർജിനാണ് ലീഡ്. കെ. സുരേന്ദ്രൻ അരലക്ഷത്തോളം വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ആന്റോ മൂന്നാമതായി.
പൂഞ്ഞാറിൽ യു.ഡി.എഫ്
പൂഞ്ഞാറിൽ യു.ഡി.എഫ് ലീഡ് നേടിയത് എൻ.ഡി.എയ്ക്കൊപ്പം ചേർന്ന ജനപക്ഷത്തിനും പി.സി. ജോർജ് എം.എൽ.എയ്‌ക്കും കനത്ത തിരിച്ചടിയായി. ഇവിടെ ആന്റോ ആന്റണിക്ക് 61530 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ വീണാ ജോർജിന് 43601വോട്ട് ലഭിച്ചപ്പോൾ കെ. സുരേന്ദ്രൻ 30990 വോട്ടുകളുമായി മൂന്നാമതായി. എൻ.ഡി.എ ലീഡ് പ്രതീക്ഷിച്ചിരുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കോന്നി മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തും അടൂരിൽ രണ്ടാം സ്ഥാനത്തുമായി.